നമ്മൾ 

Poem

നമ്മൾ 


ണ്ണിയറ്റ ഒരിലകൂടി 
മണ്ണാവും വരെ
മരത്തിൻ്റെ നിശ്വാസങ്ങളെ 
ചുമക്കും വിധം
ജനിതക ഭൂപടങ്ങളിൽ നിന്ന്
പിഴുത് മാറ്റാൻ കഴിയാത്ത 
തുടർച്ചയുടെ 
കാൻസർ കോശങ്ങളാണ് 
നമ്മൾ, 
ഒരായുസ്സിൽ 
എത്ര മില്യൺ വർഷങ്ങളുടെ സ്മരണകൾ 
കെട്ടഴിച്ച് വിടുന്നതാണ് 
നമ്മുടെ ന്യൂറോൺ സഞ്ചാരങ്ങൾ. 

അത്രമേൽ അഗാധമായി കൈമാറി വന്ന 
ജീനുകളിൽ പതിഞ്ഞ കാടോർമ്മകളിൽ 
മെരുക്കമില്ലാത്ത നായാടികളാണ് നമ്മൾ.
ഒരിലയനക്കത്തിൽ
ഇരയെയോ വേട്ടക്കാരനെയോ 
പാർത്തിരിക്കുന്നവർ.

സ്മരണാഭൂഖണ്ഡങ്ങളിലെ 
ഇരുണ്ട സന്ധ്യകൾ 
ഗുഹാമുഖങ്ങളിൽ
ചീവിടുമുഴക്കങ്ങളാൽ കാതടപ്പിക്കുമെങ്കിലും 
അതേ ഇന്നലെകളാണ് 
നമ്മളിലെ പകലും രാത്രിയും. 

നമ്മൾ 
യുഗയുഗാന്തരങ്ങൾ 
മുൻപെന്നോ 
പെയ്ത മഴയിൽ 
ഇന്നും പെയ്യുന്ന മരങ്ങളത്രെ!


Related Articles