"ഭാഷയുടെ സ്വകാര്യഭാഗങ്ങളിലെ ഒരു പുണ്ണാണ് ഞാൻ,'' നാംദേവ് ഢസാൽ എഴുതി. "പുറത്തുപറയാൻ കൊള്ളാത്തതും' എന്നാൽ തന്നെത്തന്നെയും പുറംലോകത്തെയും നിരന്തരം ഓർമ്മിപ്പിക്കേണ്ടതുമായ മുറിവുകളെക്കുറിച്ചാണ് നാംദേവ് എഴുതിയത്. ""ഡോ. ബി.ആർ.അംബേദ്കർ ജനിച്ച മഹാർ സമുദായത്തിലാണ് നാംദേവ് ജനിച്ചത്. ഇന്ത്യൻ ഭരണഘടന പൂർത്തീകരിക്കുകയും അംഗീകാരം നേടുകകയും ചെയ്ത അതേവർഷം, 1949-ൽ. ദളിതരായ ഈ രണ്ടു വിശിഷ്ടവ്യക്തിത്വങ്ങൾ തമ്മിലുളള സാമ്യം ഇതുമാത്രം. എന്നാൽ മറാഠി സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രസ്ഥാനത്തേക്ക് എത്തിച്ചേരാൻ നാംദേവ് നടത്തിയ പോരാട്ടങ്ങൾ വേറിട്ടതും മതിപ്പുളവാക്കുന്നതുമായിരുന്നു. ഹൈന്ദവസംഹിതകൾ പടിക്കുപുറത്തുനിർത്തിയ തന്റെ സമൂഹത്തിന് അന്തസ്സും സമത്വവും പ്രദാനം ചെയ്യാൻ ജീവിതകാലം മുഴുവൻ പോരാടിയ അംബേദ്കറിന്റേതിനു സമാനമായ കർമ്മമാണത്,'' നാംദേവിന്റെ വിവർത്തകനായ വിഖ്യാത മറാഠികവി ദിലീപ് ചിത്രെ എഴുതുന്നു.
നാംദേവിന്റെ "ഡോ. അബേദ്കർക്ക് ഒരു ഗീതം' എന്ന കവിതയുടെ അന്ത്യചരണങ്ങൾ ഇങ്ങനെയാണ്: " "റെയിൽവേ ട്രാക്കുകൾക്ക് സമാന്തരമായി ആ സൂര്യൻ വലുതാവുന്നു/ആ സൂര്യൻ കലാശാലകളുടെ കൽഭിത്തികളെ സ്വതന്ത്രമാക്കുന്നു/ഒരു സ്വാതന്ത്ര്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാത്രം അതു നീങ്ങുന്നു/നീയാണ് ആ സൂര്യൻ, ഞങ്ങളുടെ ഒരേയൊരു സാരഥി,/ സർവ്വാധികാരം പകരുന്ന വിജയത്തിന്റെ വെളിപാടുമായി ഞങ്ങളിലേക്ക് ഇറങ്ങിവന്നവൻ,/ പാടങ്ങളിലും ആൾക്കൂട്ടത്തിലും അണിചേരലിലും പോരാട്ടത്തിലും ഞങ്ങളോടു തോൾചേർന്നവൻ:/ ചൂഷണത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്നവൻ/നീയാണ് ആ സൂര്യൻ/ നീയാണത്, ഞങ്ങളുടേതു മാത്രം.''
