എം ആര്‍ വി പൈ

Poem

എം ആര്‍ വി പൈ



മ്പുരാക്കന്മാരേക്കാള്‍
തലപ്പൊക്കം തോന്നിക്കും
കണക്കെന്നെപ്പഠിപ്പിച്ചോ-
രെമ്മാര്‍വീപ്പൈമാഷിന്.

‘പൈ’തന്‍മൂല്യമെന്തെന്ന്
പൈമാഷല്ലാതെയാരന്ന്
പഠിപ്പിക്കാന്‍ യോഗ്യനായി
പിറന്നുള്ളൂ മുസിരിസില്‍.

ശ്രീരംഗ് ട്യൂട്ടോറിയത്സാണ്
പത്താംക്ലാസ് പഠിപ്പാണ്
പൈമാഷിന്‍ ക്ലാസിലാകെയും
മഹാഭാരതക്കണക്കാണ്

കൂട്ടിനോക്കല്‍ കിഴിക്കലുകള്‍
സാംഖ്യഹരണം ഗുണനവും
ഇതിഹാസകഥാപാത്ര-
ത്തുലനം ചെയ്തുള്ള പാഠകം

ക്ലാസില്‍ നിറയെപ്പറക്കുന്നൂ
മഹാഭാരതത്തേരുകള്‍
പുഷ്പകങ്ങള്‍ വിമാനങ്ങള്‍
സംസ്കാരസ്തുതിഗീതങ്ങള്‍

"സംസ്കൃതം പോലെ ശുദ്ധമാം
ഭാഷ മറ്റൊന്നുമില്ലഹോ
ജര്‍മന്‍കാരും പ്രിയപ്പെടും
സംസ്കൃതം ഹാ നമിക്ക നാം

വിമാനത്തിന്റെ ശാസ്ത്രജ്ഞര്‍
നമ്മള്‍ ഭാരതപുത്രന്മാര്‍
സുദര്‍ശനം പോല്‍ ഗഹനമാം
ആണവച്ചക്രമെന്തുള്ളൂ...''

ഇന്നാ മുസിരിസ് പാതയില്‍
പഴേവിദ്യാലയ വഴിവക്കില്‍
നില്‍ക്കുംനേരത്തഭിമാനം,
വീണുപോയില്ല ഞാനതില്‍

പത്താംക്ലാസു ജയിച്ചു ഞാന്‍
കൂട്ടുകൂടിയതൊക്കെയും
വിപ്ലവത്തിന്‍ പാഴ്വസന്ത
ത്താടിപേറിയോരാണല്ലോ

അവര്‍ ശാസ്ത്രീയപാതയില്‍
മാനവത്തോളുചേര്‍ന്നവര്‍
അവര്‍ തൊട്ടുതീണ്ടലിന്‍
വിഷംതീണ്ടാപ്പണിയാളര്‍

അരയാല്‍ക്കീഴിലിരുന്നെനി-
ക്കവരാണേകീ നിറശാസ്ത്രം
അതിന്‍ ഹരിതത്തിലാണെന്നും
പായ് വിരിച്ചൂ യുവസൂര്യന്‍

രണ്ട്
കൊല്ലപ്പെട്ട കല്‍ബുര്‍ഗി-
ക്കഭിവാദ്യം വൃഥാ ചെയ്തു ഞാന്‍
നാട്ടില്‍ ബസ്സിറങ്ങുമ്പോള്‍
കാവില്‍ നിറയെ ക്ലാസുകള്‍

വടികള്‍, പുഷ്പകവിമാനങ്ങള്‍
യാഗം യോഗം ഹവിസ്സുകള്‍
സഹപാഠികളാക്ലാസിന്‍
ഭ്രമപാഠാവലിത്തിണ്ണയില്‍

പുതുകാലം പുതുക്ലാസ് മുറി
അതേ പാഠപുരാണങ്ങള്‍
വീണുപോവില്ല ഞാനിതില്‍
എന്നൊരാളിനിയുമുണ്ടാമോ

എന്നെപ്പോലെയിതേ ചോദ്യം
പലകോണില്‍ ചോദിക്കും
സമാന ശാസ്ത്രീയ സഹൃദയാ
നിനക്കായ് വിചാരപ്പെടുന്നേന്‍

M.S. Banesh’s poem Mrv Pai is a nostalgic, humorous, and ironic celebration of the process of learning.


Related Articles