എന്റെ പ്രിയ മർവാൻ,
കുട്ടിക്കാലത്തിന്റെ നീണ്ട വേനലുകളിൽ,
ഞാൻ നിന്റെ പ്രായക്കാരനായിരുന്നപ്പോൾ,
ഹോംസ് നഗരപ്രാന്തത്തിലുള്ള
നിന്റെ ഉപ്പുപ്പായുടെ കളപ്പുരയുടെ മേൽത്തട്ടിൽ
നിന്റെ അമ്മാവന്മാരും ഞാനും
ഞങ്ങളുടെ കിടക്കപ്പായകൾ നിവർത്തുമായിരുന്നു.
പുലർകാറ്റിൽ ഒലിവുമരങ്ങളുലയുന്നതിലേയ്ക്ക്,
നിന്റെ ഉമ്മുമ്മയുടെ ആടു ചിനയ്ക്കുന്നതിലേയ്ക്ക്,
അവരുടെ അടുക്കളപ്പാത്രങ്ങൾ കലമ്പുന്നതിലേയ്ക്ക്,
കാറ്റിൻ തണുപ്പിലേയ്ക്ക്,
സൂര്യൻ വിളറിയ
പേഴ്‌സിമൺ വൃത്തമാവും കിഴക്കിലേയ്ക്ക്
ഞങ്ങൾ ഉണരുമായിരുന്നു.
നീ പിച്ചവെച്ചുതുടങ്ങിയ കാലത്ത്
ഞങ്ങൾ നിന്നെ അവിടെ
കൊണ്ടുപോയിരുന്നു.
അന്ന്
വന്യപുഷ്പങ്ങൾ ചിതറിത്തെറിച്ച പുൽമേട്ടിൽ
പശുക്കൾ മേയുന്നതു നിനക്കു കാട്ടിത്തരുന്ന
നിന്റെ ഉമ്മയുടെ ചിത്രം
ഇന്നുമുണ്ടെന്റെയുള്ളിൽ.
അന്ന്
നീ അത്ര ചെറുപ്പമായിരുന്നില്ലെങ്കിൽ
ആ കളപ്പുരയും
അതിന്റെ കൽച്ചുമരുകളിലെ പുകക്കരിയും
നിന്റെ അമ്മാവന്മാരും ഞാനും
ആയിരം കുഞ്ഞണകൾ കെട്ടിയ കൈത്തോടും
നീ മറന്നുപോകില്ലായിരുന്നു.
മർവാൻ,
എന്നെപ്പോലെ നീയും
ഹോംസിനെ ഓർമ്മിച്ചിരുന്നെങ്കിൽ-
അവിടെ പഴയനഗരത്തിൽ
നമ്മൾ മുസ്ലീമുകൾക്ക് ഒരു പള്ളിയുണ്ടായിരുന്നു,
നമ്മുടെ ക്രിസ്ത്യൻ അയൽക്കാർക്ക് ഒരു ദേവാലയം,
നമുക്കെല്ലാവർക്കും
സ്വർണ്ണപ്പണിത്തരങ്ങളും
പുതുവിളകളും കല്യാണവസ്ത്രങ്ങളും
വിലപേശി വാങ്ങാൻ
ഒരു വലിയ ചൌക്കിയുണ്ടായിരുന്നു.
നീ ഓർമ്മിച്ചിരുന്നെങ്കിൽ-
പൊരിച്ച കിബേ മണക്കുന്ന
തിരക്കുള്ള വഴികളും
നിന്റെ ഉമ്മയോടൊപ്പം
ക്ലോക്ടവർ ചതുരത്തിനുചുറ്റും
നമ്മുടെ സായാഹ്നനടത്തവും.
ഇന്ന്,
ആ ജന്മം, ആ കാലം,
ഒരു സ്വപ്നം കണക്ക്,
എന്നേയലിഞ്ഞുപോയ കേട്ടുകേൾവി കണക്ക്,
എനിയ്ക്കുപോലും.
ആദ്യം പ്രതിഷേധ
പ്രകടനങ്ങളായിരുന്നു.
പിന്നെ ദേശം തടങ്കലിൽ.
ബോംബുകൾ തുപ്പുന്ന ആകാശങ്ങൾ.
പട്ടിണി.
ഖബറടക്കങ്ങൾ.
നിനക്കറിയുന്നത് ഇതൊക്കെ.
നിനക്കറിയാം
ഒരു ബോംബിൻകുഴി
നീന്തൽക്കുളമാക്കാമെന്ന്,
നിനക്കറിയാം
ഇരുണ്ട ചോര
ചിതറുന്ന ചോരയെക്കാൾ ഭേദമെന്ന്.
നിനക്കറിയാം
കോൺക്രീറ്റിനിടയിൽ
ഇഷ്ടികകൾക്കും തകർന്ന തൂണുകൾക്കുമിടയിൽ
ഇടുങ്ങിയ വിടവുകളിൽ
ഉമ്മമാരേയും പെങ്ങന്മാരേയും
സഹപാഠികളേയും കണ്ടെത്താമെന്ന്,
ഇരുട്ടിൽ സൂര്യപ്രഭയേറ്റു തിളങ്ങുന്ന
ആ ഇത്തിരിവട്ട ദേഹങ്ങൾ.
ഈ രാത്രി
നിന്റെ ഉമ്മ ഇവിടെയുണ്ട്, മർവാൻ, നമ്മോടൊപ്പം
ഈ തണുത്ത കടൽക്കരയിൽ, നിലാവെട്ടത്ത്,
കരയുന്ന കുട്ടികൾക്കും
നമുക്കറിയാത്ത മൊഴികളിൽ
പേടി പങ്കിടും സ്ത്രീകൾക്കുമിടയിൽ.
അഫ്ഗാനികൾ, സോമാലിയക്കാർ, ഇറാഖികൾ,
എറിത്രിയക്കാർ, സിറിയക്കാർ.
നമ്മളെല്ലാം അക്ഷമരായി
പ്രഭാതം കാത്തിരിക്കുന്നു,
നമ്മളെല്ലാം പേടിയോടെ
പ്രഭാതം കാത്തിരിക്കുന്നു.
നമ്മളെല്ലാം വീടുതേടുന്നു.
ഞാൻ കേട്ടിരിക്കുന്നു
നമ്മൾ ക്ഷണിക്കപ്പെടാത്തവരെന്ന്.
നമ്മൾ സ്വീകരിക്കപ്പെടാത്തവർ.
സ്വന്തം നിർഭാഗ്യം മറ്റെങ്ങോ കൊണ്ടുപോകേണ്ടവർ.
എന്നാൽ എനിയ്ക്കു കേൾക്കാം,
തിരമാലകൾക്കു മീതെ,
നിന്റെ ഉമ്മയുടെ ശബ്ദം,
അവൾ എന്റെ കാതിൽ മന്ത്രിക്കുന്നു,
'എന്റെ പ്രിയനേ, അവർ കണ്ടിരുന്നെങ്കിൽ.
നീ അനുഭവിച്ചതിന്റെ പകുതിയെങ്കിലും.
ഒരിയ്ക്കലെങ്കിലും അവർ കണ്ടിരുന്നെങ്കിൽ.
അവരുടെ മൊഴി ദയവുള്ളതാകും, തീർച്ച.'
എന്റെ തോളിൽ ചായുന്ന നിന്റെ മുഖം
ഈ വലിപ്പമെത്തുന്ന അമ്പിളിവെട്ടത്തിൽ കാണാം,
എന്റെ കുഞ്ഞേ,
നിന്റെ കൺപീലികൾ വരച്ചുവെച്ച കണക്ക്,
കളങ്കമില്ലാത്ത നിദ്രയിൽ കൂമ്പുന്നു.
ഞാൻ നിന്നോടു പറഞ്ഞു,
'എന്റെ കൈ പിടിക്കൂ.
ആപത്തൊന്നും വരില്ല.'
ഇവ വെറും വാക്കുകൾ.
ഒരച്ഛന്റെ സൂത്രങ്ങൾ.
നിന്റെ വിശ്വാസം
മുറിപ്പെടുത്തുന്നു നിന്റെ ഉപ്പയെ.
കാരണം, ഞാനീ രാത്രി
ഓർക്കുന്നതു മുഴുവൻ
കടൽ എത്ര ആഴമുള്ളതെന്ന്,
എത്ര വലുതെന്ന്, എത്ര നിസ്സംഗമെന്ന്.
നിന്നെ അതിൽനിന്നു കാത്തുകൊള്ളാൻ
എത്ര കഴിവില്ലാത്തവൻ ഞാനെന്ന്.
പ്രാർത്ഥിക്കാൻ മാത്രമേ
എനിയ്ക്കു കഴിയൂ.
ദൈവമേ,
തീരങ്ങൾ കാഴ്ചയിൽനിന്നും തെന്നിമറയുമ്പോൾ,
ഉയർന്നു താഴുന്ന, ചായുന്ന ചരിയുന്ന ജലത്തിൽ
ഞങ്ങൾ
എളുപ്പം വിഴുങ്ങപ്പെട്ടേക്കാവുന്ന
ഒരണുമാത്രമാകുമ്പോൾ,
ഞങ്ങളുടെ തോണിയെ നേരേ നയിക്കേണമേ.
കാരണം നീ,
നീ അമൂല്യമാണീ യാത്രയിൽ, മർവാൻ,
ഏറ്റവും അമൂല്യം.
കടലിന് ഇതറിയുമാറാവട്ടെ എന്ന്
ഞാൻ പ്രാർത്ഥിക്കുന്നു.
ഇൻഷാ അള്ളാ.
കടലിന് ഇതറിയുമാറാവട്ടെ എന്ന്
ഞാൻ ഉരുകിയുരുകി
പ്രാർത്ഥിക്കുന്നു.
