പാദപ്പലക

Poem

പാദപ്പലക


ചുമരിൽ തൂങ്ങുന്ന
മൺമറഞ്ഞ ജന്മങ്ങൾ
ചുഴിഞ്ഞുനോക്കുന്നു.

'പാദപ്പലക'കളിലൂടെ
അസ്ഥി തുളയ്ക്കുന്ന
പരിഹാസത്തെ
ആസ്വദിക്കുന്നു.

യാഗപ്പശുക്കൾ
പായുന്നതുനോക്കി
മന്ദഹസിക്കുന്നു
കല, സാഹിത്യം-
സാമൂഹ്യം-
ഉൽക്കൃഷ്‌ടകോടിയിൽ
ഉയർത്തപ്പെട്ടവർ.

വിജ്ഞാനത്തെ
വികാരചമൽ-
കൃതമാക്കിയവർ
അവരുടെ കണ്ണുകളിൽ
കറുപ്പിന്റെയും വെളുപ്പിന്റെയും
ചെറുതിളക്കം
നിസ്സീമമായ ഭാവഭദ്രതയും
അനുരൂപമായ ദൃശ്യകാവ്യവും
രസാവിഷ്കാരത്തിന്റെ
വിസ്‌മയചിത്രങ്ങൾ!

ഭീതിദമാം തിരച്ചാർത്തുകൾ
ഒരുനാളും മരിക്കാത്ത
ചെറുകുന്നുകൾ..
അമരത്വം നേടി
നിലകൊണ്ടവർ
ദൈന്യതയുളവാകും
മുഖമണ്ഡലമുള്ളവർ
പുഴയും ചക്രവാളവും
മണ്ണും മനുഷ്യനും
കണ്ണുചിമ്മാതെ
നോക്കിയിരിക്കുന്നു.

കൂടുതൽ മിഴിവോടെ
മുന്നിൽത്തെളിയുന്നത്
എൻ്റെ പാദപ്പലക!
എല്ലാവരുമുറങ്ങുമ്പോഴും
ഉണർന്നിരിക്കുന്ന
ഒരാളായ്..

*പാദപ്പലക - മരിച്ചുപോയവരുടെ പാദങ്ങൾ കളഭം മുക്കി പ്ലാവിന്റെ പലകയിൽ പതിപ്പിച്ച്‌ വീടിന്റെ മുറിയിൽ, തലമുറകൾ സൂക്ഷിക്കാൻ തൂക്കിയിടുന്ന ആചാരം.

Malayalam poem Padhappalaka by Unnikrishnan Muthukulam, interrogates art, intellect, and social prestige through the haunting gaze of mortality.


Related Articles