പെരുവയറുമുന്തിയൊരു
പുഴവന്നു ഗതികെട്ടു
മുറ്റത്തിറമ്പത്ത് കലഹിക്കുന്നു.
വനമലയിലുരുള്‍ പൊട്ടി,
മണ്ണിളകിയണ പൊട്ടി
ഇരുള്‍നേരം
പ്രളയനീരൂട്ടിയത്രേ?
അറ്റമോഹങ്ങളുടെ
മലവെള്ളച്ചുമടെന്റെ
ചുമലിലേയ്ക്കിട്ടവള്‍ ക്രുദ്ധയായി!
സര്‍വ്വം നശിപ്പിക്കുവാനൊരുമ്പെട്ടിറങ്ങിയോള്‍,
രൗദ്രസ്വരൂപിണി
നീര്‍വാഹിനി!
അവളൊഴുകുംപാതകള്‍,
അഴിമുഖത്താരകള്‍
അവളെ തണുപ്പിച്ച
ഹരിതസ്ഥലികള്‍!
ഉയിര്‍കാത്തകൈവഴികള്‍,
വെയില്‍ കാഞ്ഞകടവുകള്‍
എല്ലാംനശിപ്പിച്ച
നരനത്രേ ഞാന്‍!
ഇന്നലെ, സന്ധ്യയില്‍
മഴവന്നിതേ പോലെയുച്ചത്തില്‍
കലഹിച്ചുപോയിരുന്നു!
ഒരുനേര്‍ത്ത വിടവിന്റെ,യിടപോലുമില്ലാതെ
മണ്ണിനെ
തറയോടുതിന്നുവത്രേ!
മുറ്റത്തെ പച്ചപ്പു
ചെത്തിക്കളഞ്ഞി-
ട്ടലങ്കാരപുല്ലുകള്‍
പാകിയത്രേ!
അത്രയുംനൊന്തിട്ട്
കൊച്ചുനല്‍പ്രാണികള്‍
ഭൂമിയുപേക്ഷിച്ചുപോയിയത്രേ!
പിന്നൊരിക്കല്‍ കൊടുങ്കാറ്റ്
വീശിത്തിരിഞ്ഞീവഴി കലഹിച്ചു പോയിരുന്നു.
അറ്റത്തുനില്‍ക്കുന്ന
ചില്ലകള്‍ നിറയുന്ന
നാട്ടുമാവേങ്ങിക്കരഞ്ഞുവത്രേ!
ചുറ്റുവേലിക്കെട്ടില്‍
വേരൊടിച്ചിട്ടിട്ട്
കൂര്‍ത്തകല്ലിട്ടങ്ങു വാര്‍ത്തുവത്രേ
വേരോട്ടമില്ലാതുടല്‍
നൊന്തുവേവുന്ന
തീയില്‍ ഉണങ്ങിക്കരിഞ്ഞുവത്രേ!
കൊഞ്ചിച്ചിരിച്ചും
പതഞ്ഞും നിറഞ്ഞും
കൊച്ചുവെണ്‍മീനിനോടുല്ലസിച്ചും
സ്വച്ഛന്ദമൊഴുകിത്തിമിര്‍ത്ത
കുഞ്ഞരുവികള്‍
മണ്ണിട്ടുമൂടിയ ദുഷ്ടനത്രേ!
അരികിലെ ചെറുകാട്
വെട്ടിത്തെളിച്ചപ്പോള്‍
കാട്ടുകോഴിക്കുഞ്ഞിന്‍
തലകൊയ്തുവത്രേ!
