മരണമില്ലാത്തവര്‍

Poem

മരണമില്ലാത്തവര്‍


മനുഷ്യര്‍ രണ്ടുതരമുണ്ട്
മരിച്ചിട്ടും ജീവിക്കുന്ന ഭാഗ്യമുള്ളവര്‍
ജീവിച്ചിരുന്നിട്ടും മരിച്ചു പോയ ഹതഭാഗ്യര്‍.

ജീവിച്ചിരിക്കെ തന്നെ മരിച്ചു പോയവരുടെ
ഏകാന്ത വീഥികള്‍ എന്നും ശൂന്യമായിരുന്നു.
നിശ്ശബ്ദമായ നിഴല്‍ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്.
സ്വപ്നങ്ങളുടെ ചിറകുകളില്‍ നിന്നും നിറങ്ങള്‍
മാഞ്ഞുപോയിരുന്നു
ശരീരവും മനസ്സും തണുത്ത് മരവിച്ചിരുന്നു
തുറന്നു വെച്ച മിഴികളില്‍ വെളിച്ചം കെട്ടു
ഇരുള്‍ പടര്‍ന്നിരുന്നു.
ദിനരാത്രങ്ങള്‍ മാറി മാറി വന്നിട്ടും
ജീവിതം നിശ്ചലമായിരുന്നു.
നിര്‍ജീവമായ നിമിഷങ്ങളെ
നിസ്സഹായതയോടെ നോക്കിനില്‍ക്കുന്നു.

എങ്കിലും
ജീവിച്ചിരുന്നിട്ടും മരിച്ചു പോയവരെ
പുനര്‍ജനിപ്പിക്കാനാകും
അനുകമ്പയുടെ നോട്ടം
ആശ്വാസത്തിന്റെ വാക്കുകള്‍
സ്‌നേഹത്തിന്റെ പൂക്കള്‍
ചുംബനത്തിന്റെ ചൂട്
സാന്ത്വനത്തിന്റെ സ്പര്‍ശം
ഇതിലൂടെയെല്ലാം ജീവിതത്തിലേക്ക്
അവര്‍ തിരികെ വന്നെന്നിരിക്കും.
ജീവിപ്പിച്ചവരെ അവര്‍ എന്നുമെന്നും
ഓര്‍ത്തുകൊണ്ടേയിരിക്കും.
ആ ഓര്‍മ്മകളിലൂടവര്‍
മരിച്ചാലും മനസ്സുകളില്‍ ജീവിക്കും
ഭാഗ്യമുള്ള മനുഷ്യരായ് മാറും


Related Articles