മനുഷ്യനും മണ്ണും

Poem

മനുഷ്യനും മണ്ണും


മണ്ണ് മനുഷ്യനെ പ്രണയിക്കുന്നത്
എത്ര അഗാധമായാണ്.
അനാഥമായ്
അനക്കമറ്റ് കിടക്കുമ്പോഴും
അസ്ഥിയോളം ആഴ്ന്നിറങ്ങുന്നു.

അത്രയും നാള്‍ ഉറങ്ങിയ
മുറിയില്‍ നിന്നും പുറന്തള്ളപ്പെടുമ്പോഴും
തലചായ്ക്കാന്‍ ഇടമേകുന്നു
തണുത്തുവിറക്കാതിരിക്കാന്‍ പുതപ്പ് പോല്‍ പൊതിയുന്നു.

മരണാനന്തരമുയരും ദുര്‍ഗന്ധത്തെ
ഒരു കാറ്റില്‍ പോലുമറിയാതെ
തന്നിലടക്കം ചെയ്യുന്നു.
ഞാനും നീയും എന്നൊന്നില്ല
തമ്മിലലിഞ്ഞു ഒന്നാവുക
എന്ന പ്രണയനിര്‍വചനം
അതേ അര്‍ത്ഥത്തില്‍ നിറവേറ്റുന്നു.

ആരും തേടിവരാനില്ലാത്ത മരണതീരത്ത്
പുഴുക്കള്‍ സാക്ഷിയായ്
മണ്ണ് മനുഷ്യനെ പ്രണയാര്‍ദ്രം പുണരുന്നു
ചുംബനത്താല്‍ ചുവപ്പിക്കുന്നു.
ഓരോ കോശങ്ങളിലും അരിച്ചിറങ്ങി ദ്രവിപ്പിക്കുന്നു.


Related Articles