അയ്യോ... ഞാനോ
എന്നുതോന്നിയ,
ഫോട്ടോ
പതിച്ച
ഇളം നീലനിറമുള്ള
കുഞ്ഞുപുസ്തകം
ഉണ്ടായിരുന്നു
വീട്ടിൽ
ചിത്രം
അജ്ഞാത
ജഡത്തിന്റേതാണെന്നാണ്
മോളോട് പറഞ്ഞത്.
പക്ഷേ,
ഇപ്പോഴാ
ചിത്രവും
മണ്ണെണ്ണമണവും മാത്രമല്ല
ബിപിഎല്ലും എപിഎല്ലുംകൂടി മങ്ങി,
കുടുംബരേഖകൾ
വരുമാനം,
അംഗസംഖ്യ
ഒന്നും തെളിയാതെയായി...
കഷ്ടനഷ്ടങ്ങളുടെ
യൗവ്വനമോ
സഹനത്തിന്റെ
അപ്പനമ്മമാരോ
അതിലില്ല.
തെളിഞ്ഞുവന്നത്
ഇരട്ടവാലന്റെ
നേരമ്പോക്കുകൾ
കുറുകെ
കയറിപ്പോയ
വെൺചിതൽ നിലരേഖ
പൂപ്പൽ
നിറഭേദങ്ങൾ...
മൂക്കിൽതൊട്ട് ഞാന്ന
ചിലന്തി ചോദിച്ചു
എന്നാണ്, ഞങ്ങളില്ലാതെ
നീ നിന്റെ
വെടക്കു പുസ്തകങ്ങളിൽ
ജീവിച്ചത്?
പാറ്റക്കാട്ടവും പല്ലിമുട്ടത്തോടും കാട്ടി
അവർ ചിരിച്ചു
മണ്ടാ മാണ്ടാ... മരമ...
സൂക്ഷ്മജീവികൾ
കണ്ണിൻപരാധീനതയെ-
ക്കളിയാക്കി...
മുറ്റത്തേയ്‌ക്കോടിയൊളിക്കാന്തുടങ്ങുമ്പോ-
സ്വർഗ്ഗത്തിലേയ്‌ക്കെണ്ണ ചുമന്നുകൊണ്ട്
കറുപ്പിലും ചുവപ്പിലുമൊരുതിരിവെട്ടം
കുഴിയിലെ ആനയോടൊപ്പം...
കണ്ണെടുത്തുയരത്തിലോട്ട് പറക്കാനാഞ്ഞിട്ടോ
കിളിക്കൂട്ടം, ശലഭസൗഭാഗ്യങ്ങൾ
ഒന്നിനും വേണ്ടിയല്ലാതെ
എന്റൊപ്പം
ജീവിച്ച
പൂക്കളും ചുള്ളികളും
ഇടതടവില്ലാതെ
ചിലച്ചു.
ഇടമുണ്ടോ
ഞങ്ങൾക്ക്
നിന്റെ
റേഷൻകാർഡിൽ
ഇടമുണ്ടോ
ഞങ്ങൾക്ക്
നിന്റെ
പൊങ്ങച്ചക്കണക്കുകളിൽ?
In L. Thomaskutty’s poem, the speaker reflects on a decaying photograph and lost family records (ration card) to question human neglect of nature and forgotten lives amid bureaucratic and material concerns.
