പാവാടകൾ ഒളിപ്പിച്ചുവയ്ക്കുന്ന
ധ്വനിരഹസ്യങ്ങൾ
കവിത പോലെയാണ്:
ഏത് നിമിഷവും ഒരു കാറ്റ്
അത് ഉയർത്തിയേക്കാമെന്ന
അനുഭൂതിസാധ്യത.
അരയിലും പാദങ്ങളിലും
ചെറുതും വലുതുമായ
രണ്ടുവൃത്തങ്ങൾ തന്നെയാണെന്ന
പാരമ്പര്യവാദം.
പട്ടം പോലെ കുതിക്കാം
അനുഗാമിയായ ഒരു കാറ്റിന്റെ
അനുരാഗമുണ്ടെങ്കിൽ
എന്ന പുരോഗമനവാദം.
ഞൊറികളുടെ ഒരു കൂടാരത്തിൽ
ഇരുവരും
സർവ്വസ്വതന്ത്രരാണന്ന വ്യാഖ്യാനം.
വട്ടംകറങ്ങലിന്റെ
വശ്യതയിൽ
മർലിൻ മൺറോയെപ്പോലെ
ശില്പകവിതയാക്കാമെന്ന
മന്ത്രവാദച്ചുരുളിമ.
പാവാടയ്ക്കകം
ഭൂമിയിലെ ഒരു മാജിക്കുകാരനും
പറത്താൻ കഴിയാത്തത്ര
മിന്നാമിനുങ്ങുകൾ ജ്വലിക്കുന്നുണ്ടെന്ന
നെടുകാല്പനികത.
നിർണ്ണായകമായൊരു ഘട്ടത്തിൽ
കൊലക്കത്തിയുടെ മുൻപേ
ഓടിപ്പിടഞ്ഞ് വരുമ്പോൾ
അതിനുള്ളിൽ
അഭയം തന്നേക്കുമെന്ന
വിശ്വാസം;
'ഇതാ ഇവിടെയുണ്ട്
കുത്തിക്കോ' എന്ന്
പകുതിപൊക്കി
കാണിച്ചുകൊടുക്കാവുന്ന
വിശ്വസിക്കായ്കയും.
പാവാട
ദുരൂഹമായൊരു
സൗന്ദര്യാത്മക കവിതയൊന്നുമല്ല.
നടക്കാൻ ഉപയോഗിക്കുന്ന
രണ്ടവയവങ്ങളെയും
അവ ചേരുന്ന
സർജ്ജനാവയവങ്ങളെയും
വെയിലും മഞ്ഞും
കൊള്ളാതെ
മറയ്ക്കുന്ന
ഒരു ഠാവട്ടം.
ആ വട്ടത്തിനപ്പുറം
അസ്തമയചക്രവാളത്തിലേയ്ക്ക്
ഞാനും അവളും നോക്കി:
ആകാശം നിറയെ
തൂങ്ങിക്കിടക്കുന്നു
മേഘങ്ങൾ അഴിച്ചിട്ട
ചുവന്ന പാവാടകൾ.
This poem uses the image of a skirt as a rich metaphor—tracing its sways, folds and textures to explore identity, freedom, femininity, and the layers of social expectations. It moves between the intimate and the public, turning an everyday garment into a symbol of movement, memory, and self-expression.
