കാര്യം തലക്കെട്ടിൽ നിന്നുതന്നെ
വ്യക്തമാകുന്ന തരം
കവിതയാണിത്.
പിന്നെ, അതിന്റെ പുറത്ത്
ഇനി,
കോപ്പിലെ ഗദ്യം, വൃത്തം,
അലങ്കാരം, ഉപമ,
ഉത്തരാധുനികവിച്ഛേദം,
ഒന്നും വേണ്ട.
രാജാവ് ഇങ്ങോട്ട് തൊഴുതപ്പോൾ
സ്വയം മറന്ന്
പണിയായുധങ്ങളും
വിശപ്പും ദാഹവും താഴെയിട്ട്
വിയർപ്പുചാലിന്റെ
ഇല്ലാപ്പൂണൂലിൽ വിരലോടിച്ച്
ഏഴാംതമ്പുരാനായി
അഹഹ
വിജയീഭവ എന്ന്
അനുഗ്രഹമുദ്രയിൽ
വിജൃംഭിച്ചുനിന്നില്ലേ നീ.
എന്നിട്ടിപ്പോ,
അതേ തൊഴുകൈക്കുമ്പിളിൽ നിന്ന്
ഇപ്പം
വെടിയേറ്റപ്പം
ഫാസിസം എന്ന് തേങ്ങിക്കൊണ്ട്
പ്രതിഷേധകീടമായി
കവിതയെഴുതുന്നോ!
ചാകുമ്പം ഉച്ചരിക്കുന്ന
ധീരമുദ്രാവാക്യത്തേക്കാൾ
ജീവിച്ചപ്പോൾ നീ
എത്ര മുഷ്ടി ചുരുട്ടി എന്നതാപ്രധാനം.
എന്നിട്ടിപ്പോ
കവിതയെഴുതാൻ വന്നിരിക്കുന്നു
തൊഴുകൈത്തോക്ക് എന്നൊക്കെ
പേരുമിട്ട്.
ഛെ.
ഛെ റാം.
M.S. Banesh's poem Thozhukaithokk - biting critique of hypocrisy and performative protest, exposing how those once complicit in power now cloak their guilt in the guise of revolutionary poetry.
