പൊക്കിൾ

Poem

പൊക്കിൾ



നിൽക്കാനും കിടക്കാനും
ഇരിക്കാനും നേരമില്ലാത്ത
ധൃതിപിടിച്ച ഈ ജീവിതത്തിൽ,
ശരീരത്തിലെ ഓരോ അവയവവും
കിണഞ്ഞു പണിയെടുക്കുന്ന ഈ സങ്കീർണ്ണതയിൽ,
ഏയ് പൊക്കിൾ,
താങ്കൾ എന്ത് ജോലിയാണ്
ലജ്ജയില്ലാത്ത
ഒരു കുഴിയായിരുന്ന് ചെയ്യുന്നത്?

എന്നെത്തന്നെ നിരീക്ഷിക്കാൻ
എന്നെത്തന്നെ കാമറകൾ വച്ച്
എന്നെത്തന്നെ ഞാൻ
ഭേദ്യം ചെയ്യുന്ന കാലമാണ്.

ഓരോ അവയവത്തിനെയും
തീറ്റിപ്പോറ്റാൻ
പെടാപ്പാടുപെടുകയാണ്.

അതിനിടയിൽ
പണിയൊന്നുമെടുക്കാതെ
ഏത് പന്ന ഗൃഹാതുരതയുടെ
മുടുപടവുമണിഞ്ഞാണ്
നിങ്ങൾ ഇങ്ങനെ സുഖിക്കുന്നത്?

'ഉള്ളിലേയ്ക്ക് ചുഴിഞ്ഞുനോക്കൂ,
അപ്പോൾ അറിയാമെ'ന്നോ?

കേശാദിപാദം സകല നടീനടന്മാരും
ചെയ്തുകൂട്ടുന്ന പണികൾക്കും കുരുത്തക്കേടുകൾക്കും
ജിഎസ്ടിയും കഴിച്ച്
നല്ല തുക എണ്ണിക്കൊടുത്താണ്
ഞാൻ ഈ സ്ഥാപനം
കൊണ്ടുനടക്കുന്നത്.
അതിനിടയിൽ
അറിയാഞ്ഞിട്ട് ചോദിക്കുകയാണ്,
ഇവിടെ നിങ്ങൾ
എന്ത് പണിയാണെടുക്കുന്നത്?

'ചൂഴ്ന്ന് നോക്കാ'നോ?

നിങ്ങളെ ചുഴിഞ്ഞ് നോക്കാൻ പാകത്തിന്
360 ഡിഗ്രിയിലല്ല കഴുത്തിന്റെ പണി.

കാല്പനികതയുടെ
ഒരു ഠാവട്ടം കുഴിച്ച്
ആർക്കും ഉപകാരമില്ലാത്ത
ഒരു പൊട്ടക്കിണറായി,
വന്ന വഴി മറക്കരുതെന്ന
പത്തുമാസക്കഥയും
പാൽപ്പുരാണവുമായി
ഇനിയും സുഖിച്ചുവാഴാമെന്ന്
കരുതേണ്ട.

ഇന്നുരാത്രി മുതൽ
പൊക്കിൾ നിരോധിച്ചിരിക്കുന്നു.

അതിന് ഇനി മൂല്യം
ഉണ്ടായിരിക്കുന്നതല്ല.
പ്ലാസ്റ്റിക് സർജറിയിലൂടെ
ആ വൃഥാവൃത്തം
നികത്താനുള്ള ചെലവിനെ
ജിഎസ്ടിയിൽ നിന്ന്
ഒഴിവാക്കിയിരിക്കുന്നു.

In this sharp, satirical, and thought-provoking poem, M. S. Banesh uses the navel as a central metaphor to deliver a powerful critique of the modern taxation system and the economic burden placed on individuals simply for existing. Banesh’s language is deceptively simple but layered with meaning, exposing the irony that what once marked our life-giving bond with the mother is now an entry point into a system that demands payment for survival. Through this metaphor, the poet questions: Why must we pay so heavily just for being born, for occupying space, for breathing?.


Related Articles