മറന്നുവച്ചൊരു
കുടയ്ക്കകത്തൊരു
മഴക്കിടാവിൻ
ചെറുതുളളിയുണ്ട്.
തിരിച്ചെടുക്കാൻ
വരുന്നുനാമ,തു
വരേയ്ക്കുമങ്ങനെ
തുളുമ്പിനിൽക്കുമോ?
വിയർത്തുവന്നി-
ട്ടെടുത്തുനീർത്തവേ
കൃതജ്ഞതാപൂർവം
വിടർന്നുപെയ്യുമോ?
നമുക്കുമാത്രമായ്
കടുത്തവേനലിൽ
പൊഴിക്കുമോ മഴ
കിനാവിലെക്കുട?
വെയിൽവരൾച്ചയിൽ
നിവർത്തുവോർക്കായ്
തനിച്ചു പെയ്യുമോ
സ്മരണ തൻ കുട?
വിദൂരമേകാന്ത
വിഷാദകാലത്തിൽ
നമുക്കായ് പെയ്യുന്ന
പ്രണയ വിൺകുട.
മഴ മറയ്ക്കുവാൻ
വിധിക്കപ്പെട്ടതാം
കുട ചൊരിയുമോ
നനുത്ത പേമാരി?
വെയിൽ തടുക്കുവാൻ
നിയുക്തമാം കുട
കനിഞ്ഞുനൽകുമോ
മിതോഷ്ണചുംബനം?
മറന്നുവച്ചൊരു
കുടതിരഞ്ഞു നാ-
മെരിഞ്ഞുനിൽക്കുന്നു.
കടലിൻ തീരത്തും
കനവിൻ തീരത്തും
പൊരിഞ്ഞുപൊള്ളുന്നു.
വിവാഹബന്ധന
ച്ചരടുകെട്ടാതെ
യലയുന്നോ പോകെ
ന്നലറുന്നൂ ലോകം.
പൊടുന്നനേ മേഘ
ക്കുടചുരുങ്ങുന്നൂ
കുളിച്ചുനിൽക്കൂന്നൂ
പുണർന്നിതാനമ്മൾ.
In this reflective poem M. S. Banesh uses the image of an abandoned umbrella to explore themes of memory, love, and longing, asking whether forgotten affections can still return to shelter us from life’s burning solitude.
