കർമ്മലി,
എസ്കോബിയുടെ
കെട്ടിയോളും
കസ്പാരിന്റെ മാതാ-
മഹതിയുമാണ്.
നാട്ടിലെ
ഉച്ചഭാഷിണിയായും
സായാഹ്നപ്പതിപ്പായും
നിഷ്കാമയായിവർത്തിക്കും
അവുതി*യത്രേ!
റൂഹാദക്കുദുശാ*യ്ക്കും
മെഡ്രാക്കി*നും മീതേ
ഒച്ചയിട്ടുനടന്ന
ലവരെ
സാത്താൻ പരൂക്ഷിച്ചു.
കലഹകാന്താരി, ഫലീഷ്യ
മണവാട്ടിയായി
വീട്ടിലെത്തിയവാറേ
ഇടങ്ങേറ് തുടങ്ങി.
വായ്ക്കുരുചിയുള്ള
പത്തു പരദൂഷണങ്ങളുമായി
നടന്ന്, ചെവിനിറയ്ക്കാൻ
പറ്റാഞ്ഞ്
ഇരിക്കപ്പൊറുതിയില്ല,
പുരപ്പുറോം
മറുപുറോം തൂത്ത ഫലേഷ്യ.
കൊഞ്ചിക്കൊഴഞ്ഞ്
ലവനെ
ലവക്കട
അടിപ്പാവാടച്ചരടിക്കെട്ടി.
ഏങ്ങലും തൊങ്ങലും ചാർത്തി.
പഠിച്ചപണി പലോം*
പാളിയപ്പോ
മണോം കൊണോമില്ലാത്ത
ലന്തരവന്റെ
തലേഇടിത്തീ വീഴണേന്ന്
ഉച്ചീക്കൈ വച്ചുംവച്ച്
പ്രാകി, കർമ്മലി.
എടുപിടീന്ന്,
മുണ്ടാട്ടമില്ലാത്ത
ഗ്രാമഫോൺ മാറ്റി
വാൽവ് റേഡിയോ
വാങ്ങി
കസ്പാര്.
പാട്ടു പെട്ടി
കണ്ടമാത്രയിൽ
കാറിത്തുപ്പി
'എരണം കെട്ട പെങ്കോന്താ'
എന്റെ വായടപ്പിക്കാൻ നോക്കണ്ടാടാ...
ന്നും പറഞ്ഞ്
ഡസീബൽ കൂട്ടി
നട്ടാക്കിളിക്കാത്ത,
കഥാകാലക്ഷേപം തൊടങ്ങി.
ഫലീഷ്യാടെ അപ്പൻ
പഴങ്കഞ്ഞികട്ടതും
അവക്കടമ്മ
ഇറ്റിപ്ലോ
ഇടേപ്പങ്ക്*കാരൻ
ലവറന്തിയോട്
ഒടഞ്ചീ*ക്കെടന്നതും
കെട്ടിനുമുമ്പ് ഫലീഷ്യ കൊസ്തന്തീടെകൂടെ ഒളിച്ചോടിയതും
പണ്ട് പാളേത്തൂറിയതും
എണ്ണിയെണ്ണിപ്പറഞ്ഞ്...
സഹികെട്ട ഫലീഷ്യ
ഏറ്റുപിടിച്ചു
വായടക്കടീ മൈക്കേ
നൊണച്ചീ...
മലപോലെ വന്നവടെ
മൊല കുത്തിപ്പിടിച്ച്
എലി പോലാക്കി
കർമ്മലി കർമ്മണിച്ചു.
വിടടീ അറുവാണീ
പോടീ അവരാതീ
കണ്ടടം നെരങ്ങീ...
തുടങ്ങിയ സംബുദ്ധികൾ
തരതമഭേദമന്യേ
ഇരുകണ്ഠങ്ങളിൽനിന്നും
അനുസ്യൂതം
നിർഗളിച്ചു.
നിർഗ
-ളിച്ചു.
ഉടുതുണി പൊക്കുംമുമ്പ്
കസ്പാര് മൂലേലൊളിച്ചു.
മൊട്ടേന്നു വിരിഞ്ഞപ്പളേ
കണ്ണും കലാശോം കാട്ടീം
തൊലിവെളുപ്പു കാട്ടീം
തട്ടിയെടുത്തതില്യോടീ
ചുന്തരിക്കോതേ...
ലാ തന്തയില്ലാത്തവനെവിടെ
ഇപ്പം ഞാനവനെ കാണിച്ചു കൊടുക്കും...
ഉലക്കയുമേന്തി
പാഞ്ഞാളമ്മ!
സ്വർണച്ചെയിനും
കടുംചോപ്പ് ടീഷർട്ടും
നെരൂദാത്തൊപ്പിയും
സുഗന്ധവുമായി
കൈയ്യടിച്ചേംവച്ച്
ഇരുട്ട് അങ്ങോട്ടു വന്നു.
എല്ലാം നിശ്ചലമായി.
വാ തുറന്നപ്പം
1000വാട്ട്,
ലമ്മായീ...
കർമ്മിയമ്മായീ...
പൊന്നാരിച്ച വിളിയിൽ
കർമ്മി ചൂളി.
ഫലീഷ്യ നാണിച്ചു
കസ്പാരും വെളിപ്പെട്ടു.
ഡൺഹിൽ കടിച്ച്
സ്റ്റീൽയന്ത്രം ഞെക്കി
തീ പിടിപ്പിച്ച്
കൂളിങ് ഗ്ലാസ്സ് ഉയർത്തി
ഇരുട്ട്
പതപതപ്പിച്ചു...
ഇപ്പോ ചെയ്തത്
കാറൽമാനോ*?ജ്ഞാനസുന്ദരി*യോ?
പ്രാക്ടീസാണ് അമ്മായീടെ വിജയം!
'അങ്ങനൊന്നൂല്ല' ഫലീഷ്യ
പരുങ്ങി.
ആകെ ഉഴിഞ്ഞ്
കമ്മലി ചോയിച്ച്
ബോംബേന്നെപ്പം വന്ന്?
എസ്തറില്യോടാകൂടെ?
വരുന്ന വഴിയാ...
പെട്ടീം ലവളും വീട്ടിക്കേറി.
ഒന്നു കണ്ടേച്ചുംവച്ച്
പോകാൻ വന്നു.
പളപളപ്പൻ തുണികളും
കുറേ ചോക്ലേറ്റും കൊടുത്തു:
ഇപ്പം പേർഷ്യേലാ
ചെല്ലുമ്പം
അസോസിയേഷൻ
വാർഷികവാ
അമ്മായീം വേണം
കമ്മറ്റിക്കാർക്ക് നിർബന്ധം.
കോളൊത്തേ...
കർമ്മലി ചിണുങ്ങി;
ഓ...ചുമ്മാ...
എന്നെ ലവരക്കെങ്ങനറിയാനാ?
പാട്ടിനും കൂത്തിനും ഞാനില്ല!
വേണ്ട
ഈ ഒച്ചയും ഉശിരും മതി
ബാക്കി ശരിയാക്കാവേ
(മൈക്കിനെ) അറിയാത്തോരൊണ്ടോ
ഈ ലോഗത്ത്..!
അരപ്പട്ടബാഗിൽനിന്നും
കൊറേ പച്ചനോട്ടെടുത്ത്
കർമ്മലിക്കുകൊടുത്തു.
പ്രോഗ്രാം ഉദ്ഘാടനോംചെയ്യണം.
ച്ചിരി നേരംനിറുത്താതെ
നാട്ടുവഴക്കത്തിലങ്ങ് കാച്ചിയാ തീരും.
ആ വാഗ്ധോരണി മതി.
സാത്വികമോന്തപിടിക്കണം,
ഗൗരവം വിടരുത്.
സ്ഥിരം
നാരദവിദ്യ*യിൽ
മ്മിണി വ്യത്യാസം
...
മുമ്പിലെത്തുന്നവരെ
സെന്റി*യാക്കാനും
ത്രില്ലടിപ്പിക്കാനും
അല്പസ്വല്പ ചേരുവ.
ഒരുതരം ഒലിപ്പീലും ഒപ്പീലും.
പണ്ടേയുള്ള
പ്രഭാഷക-
കവലപ്രസംഗി
വായാടികടെ
മൂലധനം.,
ടിപ്സും കുപ്പായോം
ഗ്രൂമറേം തരും
ട്രെയിനിങ് തരാൻ
ങആഅക്കാരുണ്ട്.
നിന്നുകൊടുത്തേച്ചാ മതി,
പിന്നെ പുടിച്ചാകിട്ടില്ല.
Don't Look back.
തൊണ്ട വരണ്ടമ്മായി ...
മൈക്കെന്നു വിളിക്കുന്ന
കൂതറകളെ മൊത്തോം
മൈക്ക് വച്ച് തന്നെ
പറ്റിക്കുന്ന അസുലഭ
നിമിഷമോർത്ത്
കോരിത്തരിച്ചു.
പൗലോണ്ണാന്ന് വിളിച്ചപ്പം
ലയ്യാള്,
കസ്പാരിനു കായ് നീട്ടി
ബർഗർ വാങ്ങാൻ വിട്ടു.
കീറിയ ബ്ലൗസു മറച്ചുപിടിച്ച്
ഫലീഷ്യ അകത്തേക്കു പോയി.
വെള്ളിച്ചങ്ങലയുള്ള പച്ചബ്രൂട്ട്* കാട്ടി,
ഇരുട്ട് അവളെ മൂടി.
ഇവന്റ് മാനേജ്മെന്റുകാർ
മേക്ക് ഓവർ ചെയ്ത
ബ്രാൻഡ് അംബാസിഡർ
കർമ്മലീത്താ മാർഗരീത്ത
ചതുരാന്ത*ത്തിലെ
5ങ ലൈക്കി*ൽ
വൈറലായി.
വൈ-
-റലായി.
പ്രതീതി*,
പ്രതീകമായി
വാഴ്ത്തപ്പെട്ടവളായി,
മാതാ
മാർത്ത മറിയം കാർമ്മൽ മാർഗരീത്തയായി...
അവുതി: അങ്ങേർ എന്നതിന്റെ സ്ത്രീലിംഗം. / റൂഹാദക്കുദുശാ: പരിശുദ്ധാത്മാവ്, വാവായ്ക്കും പുത്രനും റൂഹാദക്കു ദുശായ്ക്കും സ്തുതിയായിരിക്കട്ടെ എന്ന് പ്രാർഥന. / മെഡ്രാക്ക്: പെസഹാ തിരുനാളിൽ ദിവ്യബലിക്കിടയിൽ ഉപയോഗിക്കുന്ന തടികൊണ്ടുള്ള ഉപകരണം. വലിയ കിറുകിറു ഒച്ചയാണ്. പള്ളിയിൽ മണിനാദം ഈസ്റ്റർ വരെ ഉണ്ടാവില്ല. / പലതും / ഇടേപ്പങ്ക് :മീൻ കോരാൻ വള്ളത്തിൽ പോകുന്ന സഹായിയുടെ ഓഹരി. / ഒടഞ്ചി: വള്ളത്തിൽ വെയിൽ തട്ടാതിരിക്കാൻ ഓല വച്ചുണ്ടാക്കുന്ന മറ. / കാറൽമാൻ ചരിതം, ജ്ഞാനസുന്ദരി തുടങ്ങിയവ ചവിട്ടുനാടകങ്ങൾ / ലോക വൃത്താന്തങ്ങൾ സ്വർഗത്തെത്തിക്കുന്നത് നാരദമുനിയാണ്. 'സെന്റിമെന്റൽ'പെർഫ്യൂം / ചതുരാകൃതിയിലുളള സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമാകുന്ന വൃത്താന്തം എന്നു താല്പര്യം. / 5000000എണ്ണം / * സൈബർ. 'അ'യ്ക്കു പകരം 'ല'യിൽ ആരംഭിക്കുന്ന രീതി കൊല്ലത്തെ പ്രാദേശിക ഭാഷാഭേദത്തിലുണ്ട്.
