ഇത്തിയാറ്റിറമ്പിലൊരു
ലന്തമരത്തണലത്ത്
തണലുണ്ണാൻ വന്ന കൂമൻ
മിഴി പൂട്ടിത്തലയാട്ടി
ആട്ടിയ രാക്കണ്ണിലുണ്ട്
നാടുവാഴിക്കഥയൊന്ന്
ഒന്നുകൊണ്ടാരായിരത്തെ
വിഴുങ്ങുന്ന മുളനാഴി
നാഴികയായ് മണി കണ്ട
മണലിന്റെ ഭൂതകാലം
കാലത്തിന്റെ ഘടികാരം
കാത്തുവച്ചൂ പുഴയോർമ്മ
ഓർമ്മയുടെ വെള്ളപ്പൊക്കം
കരപ്പാടം കണ്ടുകെട്ടി
കെട്ടുമട പൊട്ടിയപ്പോൾ
നീന്തിച്ചെന്നോനാണൊരുത്തൻ.
