കറാച്ചിയിലെ പെങ്ങള്‍

Poem

കറാച്ചിയിലെ പെങ്ങള്‍


റാച്ചിയിലെ തെരുവുകളില്‍
അവള്‍ നടക്കുന്നുണ്ട്
മലപ്പുറത്തെ പഴയ വേരുകള്‍
അവളിലുണ്ടെന്ന്
ഇവിടെയീ തെരുവുകളില്‍
വെറുതേ നടക്കുമ്പോള്‍
തോന്നിപോകുന്നു.

കറാച്ചിക്കും നേര്യമംഗലത്തിനുമിടയില്‍
എത്ര ദൂരമുണ്ടെന്നറിയില്ല
ഗൂഗിളില്‍ വേണമെങ്കില്‍ അളക്കാം.
എങ്കിലും വേണ്ടെന്നുവച്ചു.

അവളുടെ ചോരയൊഴുകുന്ന
ധമനികളില്‍ ഞാനുണ്ടാകും
അതിനൊട്ടും ദൂരമില്ലല്ലോ!

അതിര്‍ത്തികള്‍ക്കിപ്പുറം
മലകള്‍ നിറയെ മഴയുള്ള നാട്ടില്‍
ഞാന്‍ ജീവിക്കുന്നു
നീ പരാത്ത ഉണ്ടാക്കുമ്പോള്‍
ഞാന്‍ കഞ്ഞിക്കായി കാത്തിരിക്കുന്നു
നീ നമസ്‌കരിച്ചു കഴിഞ്ഞ്
അരമണിക്കൂര്‍ കഴിയണം
എനിക്ക് സുജൂദില്‍
ഭൂമിയെ ചുംബിക്കാന്‍
അത് കറാച്ചിയിലെ
മണ്ണിനെയും തൊടുമല്ലോ.

വാപ്പയുടെ ബന്ധുവാണോ അവള്‍?
അറിയില്ലെങ്കിലും
അവളെ ഓര്‍ക്കുമ്പോള്‍
എനിക്ക് പെങ്ങള്‍ ഉണ്ടാവുകയാണ്
അവള്‍ ഈ കാടും പുഴയും
ഒരിക്കലും കാണാനിടയില്ല,
ഞാന്‍ കറാച്ചിയും!

അവളിനി ശരിക്കുമുണ്ടാവുമോ?
അതുമറിയില്ല
അവള്‍ കേള്‍ക്കുന്ന ഉറുദു ഖവാലികള്‍
ഞാന്‍ കെട്ടിട്ടുണ്ടാവും
ചിലപ്പോള്‍
ഹിന്ദി പ്രണയ ഗാനങ്ങളാവും
അവള്‍ കേള്‍ക്കുക.

ഇനിയെന്നോട് പാക്കിസ്ഥാനില്‍
പോകാന്‍ ആരെങ്കിലും പറഞ്ഞാല്‍
അവിടെ എനിക്കൊരു
പെങ്ങളുണ്ടെന്ന് പറയും

കറാച്ചിയ്ക്കും എനിക്കുമിടയിലെ
ദൂരത്തില്‍ നിന്ന്
ഒരു കിളി പറന്നുപോകുന്നു
അവളത് വിമാനമായി കാണുന്നു.


Related Articles