അവസാനം
തിരമാലക്കൈകൾ നീട്ടി
കടൽ ആകാശത്തോടു ചോദിച്ചു.
പകൽ സൂര്യനേത്രവും രാത്രി
ചാന്ദ്രനേത്രവും തുറന്ന്
ഇമയനങ്ങാതെ നീയെന്നെ നോക്കുന്നതും
അനുരാഗപരവശനായി
എന്നിൽ നിന്നെക്കണ്ടാനന്ദിക്കുന്നതും
ആർദ്രലോല നിമിഷങ്ങളിൽ
മഴവില്ലു സമ്മാനിക്കുന്നതും
വിഷാദങ്ങളിൽ മഴയായ് പെയ്തിറങ്ങുന്നതും
എന്നെ നിന്നിലേക്കുയർത്തുന്നതും
നിനച്ചിരിക്കാതെ വിട്ടുകളയുന്നതുമൊക്കെ
അറിയുന്നുണ്ട്.
ഹൃദയത്തോടു ചേർത്തുവെച്ചിട്ടുണ്ട്
ഒന്നു ചോദിക്കട്ടെ?
ഒരിക്കൽ, ഒരിക്കൽ മാത്രമെന്നെയൊന്ന് ചുംബിക്കില്ലേ?
എന്നെ നിന്റെ കാമുകിയാക്കുന്ന
ആ അമൂല്യമുദ്ര പതിക്കില്ലേ?
ആകാശത്തിന് സങ്കടം വരുന്നുണ്ടായിരുന്നു.
ഒരിക്കൽ നേരിടേണ്ടി വരുമെന്നുറപ്പുള്ള
ഈ ചോദ്യത്തെ
അവനെന്നും ഭയപ്പെട്ടിരുന്നു.
കുടുംബം നോക്കേണ്ട ഉത്തരവാദിത്തമുള്ള
പുരുഷനെപ്പോലെ
അവൻ മനോവികാരങ്ങൾ
സന്ധ്യയുടെ ചായക്കൂട്ടുകളാൽ മറച്ചു.
മേഘത്തൂവാല കൊണ്ടു മുഖം മറച്ചു
കടൽക്കരയിൽ തൊട്ടു തൊട്ടിരിക്കുന്ന
ഇണകളുടെ നേർക്കു കണ്ണു പായിച്ചു
അവരുടെ പ്രണയാവേഗങ്ങളിലസൂയപ്പെട്ടു
ഇതുപോലുള്ള അവസരങ്ങളിൽ
ആദ്യകാല സിനിമകളിലെ
നായകന്മാർ ചെയ്യും പോലെ
കുപ്പായക്കുടുക്കിൽ തിരുപ്പിടിച്ച്
അകലേക്കു മിഴിനട്ട് ദീർഘശ്വാസമിട്ടു.
