നീലയും വെള്ളയും പൂക്കളാണുമ്മത്തിനു
സരോജിനിയേച്ചിയേയും അമ്മയേയും പോലെ
വെള്ളയമ്മ, നീലിച്ചകാ സരോജിനിയേച്ചി
രണ്ടും കഴിക്കാതെതന്നെ
എത്രയോ വട്ടം എന്റച്ഛൻ മരിച്ചിട്ടുണ്ട്
പെണ്ണുങ്ങൾ ഉമ്മത്തിൻ കായ് പോലെ
കൈത്തോടിൽ മഴയൊഴുകിയും
മലയൊഴുകിയും വന്ന
തണുത്തവെള്ളത്തിലും വിഷവേരോടിക്കുന്നു
മുരടിച്ച് കോച്ചി ചുരുണ്ടുകുത്തിയ നൈറ്റി
പേനാക്കത്തിമൂർച്ചയുള്ള ഇലയറ്റങ്ങളെ ഓർമ്മിപ്പിക്കുന്നു.
വിഷമുള്ളുകളുള്ള പച്ചക്കായ്
ഞങ്ങളുടെ കൊറോണാക്കാലം
ഉണങ്ങിയും ഒറ്റവെയിലിൽ ചുങ്ങിയുമൊരു ജീവിതം
അവരുടെ മണം പൊന്തേ ആണുങ്ങൾ
അലകുപോലാകുന്നു.
അമ്മയൊരുമച്ചിയുമ്മം വെള്ളപൂത്ത് കണ്ടിട്ടേയില്ല
സരോജിനിയേച്ചിയാട്ടെ
ഒറ്റയ്ക്കും തെറ്റയ്ക്കും പൂത്തുകൂട്ടി
മൊട്ടിട്ട് പൂവിട്ട് നീലപ്പൂക്കളുടെ ഉമ്മവസന്തം
മീങ്കാരൻ ഫിറോസ്സ് ശാഖേലെ രവിയേട്ടൻ
ഷാപ്പിലെ കണാരേട്ടൻ മുളകുപൊടിവാസു
ഏറ്റമൊടുക്കം എന്റെയച്ഛൻ
പൂത്തും തളിർത്തും കാവിടർത്തും കഴിയെ
അഞ്ചാം പേറിന്റെ ആറാമ്മാസത്തിൽ
അമ്മ പ്രാകി 'ഇജി പണ്ടാറട്ങ്ങും പൊല്യാട്ച്ച്യേ'
അമ്മയും സരോജിനിയേച്ചിയും മച്ചുനിച്ചികൾ
പാണ്ടിക്കാട്ടെ ആശാരിപ്പൊരയിലെ
രണ്ട് വിത്തുകൾ
ഞാവൽക്കാ തൊഴിക്കുന്ന സർപ്പക്കാവിൽ
സ്വർണ്ണസർപ്പം തീണ്ടി
അമ്മചത്ത സരോജിനിയേച്ചി
മൂത്തോളു എല്ലാം മുടിച്ചോളു
അച്ഛനിട്ട് പോയോളു.
സരോജിനിയേച്ചിയെ കാട്ടി അമ്മയെ പന്തലിറക്കിയ
കാർന്നോരെ റാക്ക് മൂക്കുമ്പോൾ
അച്ഛൻ തെറിവിളിച്ചു
അപ്പോഴൊക്കെ പായയിൽ
എന്നെ ചേർത്തുപിടിച്ചും
ഉടൽ കണ്ണീരിൽ നനഞ്ഞുവിറച്ചും
അവർ മുറിഞ്ഞു
ഉമ്മത്തിന്റെ ഉടൽനീരിൽ എനിക്ക് ശ്വാസം നീറി.
ഉള്ളവളും ഇല്ലാത്തവളും തമ്മിലുള്ള അന്തരമാണത്
അമ്മയുടെ അടുക്കളയിലെ
ശമ്പളമില്ലാത്ത കൂലിക്കാരി
അമ്മപെറ്റെങ്കിലും ഉയിരുരുക്കി പോറ്റിയ മറ്റമ്മ
നീലമുലച്ചൂടിൽ എന്നെയടവിരിച്ചവൾ
വിണ്ടുകീറിയ കൈത്തലത്താൽ
എന്നെ ചേർത്തണച്ചവൾ
'എന്തേയ്നും കാശ് കണ്ട് മഞ്ഞിച്ചിറ്റല്ലേയ്ന്യോ? ആണാണ്ടാ ഇയ്യ്?'
എന്നമ്മ അകത്തുനിന്ന് തറുതലച്ചു.
സരോജിനിയേച്ചിയെ മാറ്റി
അമ്മയെകെട്ടാൻ വാങ്ങിച്ച
വെള്ളിപൈശയുടെ കിലുക്കിൽ അച്ഛൻ തോറ്റു.
അയനിച്ചോറുണ്ണെ കൈകുടഞ്ഞ്
'ഇക്കീ കല്യാണം ശെരിയാവൂലാ,
ആപ്പെണ്ണ് ബെടക്കാണു'
എന്ന് മുത്താച്ചിയോട് കലഹിച്ചു
താലിഡപ്പി തൊടീലെറിഞ്ഞു
ബിലിമ്പിമരം ചവിട്ടിപ്പറിച്ചു.
കാരണോന്മാരെ ചർച്ചയും കൂട്ടവും
ഒടുക്കമച്ഛൻ അമ്മയെ കെട്ടി
മുപ്പത് കാശിനു ഒറ്റിയവന്റെ ചിരിയിൽ
ബൊക്ക മാറി
ഊണിൽ രസത്തിനൊപ്പം
സരോജിനിയേച്ചിയുടെ
ഹൃദയരക്തം വിളമ്പി.
നീലസ്സാരിയിൽ കടുനീലപൂത്ത അതേ നിൽപ്പിൽ
സരോജിനിയേച്ചി വർഷങ്ങളോളം ഉണങ്ങിപ്പോയി
നീലമറുകുള്ള കവിൾത്തടങ്ങൾ
കന്യാഭാരത്തോടെ കരുവാളിച്ചു
ചുണ്ടുകൾ പൂതലിച്ചു അകാലത്തിന്റെ
വെള്ളിപ്പാമ്പ് തലയിലിഴഞ്ഞു.
മുപ്പതുകളിൽ വീണ്ടും ഉമ്മം പൂത്തു...
ഒറ്റയിലയിൽനിന്നൊരു ഉമ്മത്തിന്റെ കാട്
ഉണക്കമരത്തിന്റെ വിഷസുഗന്ധിയായ ഓമനപ്പൂക്കാലം
മീഞ്ചെതുമ്പലിൽ വഴുക്കിയും മത്തിമണത്തും
രാത്രിയിൽ ഉടലിൽ വെള്ളിപ്പൊട്ടായ്
ചെളുക്ക ചിതറിയും
ആ പൂക്കാലം എന്നെ കടൽഞെട്ടിച്ചു.
പിന്നെ രക്തകുങ്കുമമണമായിരുന്നു
കയ്യിലെ ഓറഞ്ച് വെഞ്ചാമരരാഖിയിൽ തട്ടി
എനിക്ക് കിക്കിളി വന്നു.
രാത്രിയിൽ ഹനുമാൻ വാലുകൊണ്ടെന്നെ തല്ലിയുണർത്തി
പിന്നെ ഷാപ്പിന്റെ പുളിമണം
മുളകുപൊടിയുടെ എരിവ്
പലതരം മണങ്ങൾ ഏറിയും മാറിയും
മാഞ്ഞും തെളിഞ്ഞും വന്നു
ഒടുക്കം
എന്റെ അച്ഛന്റെ നെഞ്ചിലെ ഉപ്പുമണം
ഞാൻ സരോജിനിയേച്ചിയെ മുറുകെ പുണർന്നു
എനിക്കെന്തോ ഭയങ്കര സ്നേഹം തോന്നി.
അമ്മയില്ലാത്ത വീടിന്റെ നിശ്ശബ്ദതയിൽ ഞാൻ
രണ്ട് ശ്വാസങ്ങളുടെ ഉച്ഛ്വാസ-
രഹസ്യം പിടിച്ചെടുത്തു
അലക്ക് കടവിലെ ജലത്തിൽ
നീലമത്സ്യവേട്ട കണ്ടു
ആലയിൽ അച്ഛൻ ഉളിരാകി
ചിപ്പിലിയൊരതിയിട്ടതും
മരത്തിന്റെ മുടിയിഴകളിൽ
നീലപ്പൂവ് വിടർന്നതും
ഞാൻ ഒളിച്ചുകണ്ടു.
പച്ചമരമണവും ഉപ്പുമണവും
സമം ചേർത്തനെഞ്ചിൽ
പാതിമയക്കത്തിൽ എനിക്കച്ഛനെയും
അമ്മയേയും കിട്ടി
ഞാൻ സരോജിനിയേച്ചിയെ
'അമ്മേ അമ്മേ'യെന്നു കുലുക്കിവിളിച്ചു.
രാത്രിയിൽ അത്താഴത്തിനൊപ്പം
ഉമ്മത്തിൻ കായ
ഒളിച്ചു കഴിച്ചത് എന്തിനെന്ന്
ഞാൻ ചോദിച്ചില്ല
പരവേശപ്പെട്ടപ്പോൾ വീശിക്കൊടുത്തു
മരുനിലം നീലിച്ചചുണ്ടിൽ വെള്ളം പാറ്റി
ബക്കിളുകൾ അയച്ചും ജനൽ തുറന്നും
മുടി വിടുർത്തിയും
തണുത്തരാത്രിയേയും ആകാശത്തിലസ്തമിച്ച
അവസാനത്തെ വാൽനക്ഷത്രത്തെയും കാണിച്ചു.
എത്ര ആവശ്യപ്പെട്ടിട്ടും ഞാൻ അച്ഛനെ വിളിച്ചില്ല
എന്റെ കൂറ് അമ്മയോടായിരുന്നു
സരോജിനിയേച്ചിയിൽനിന്നും
അച്ഛനെ തട്ടിയെടുത്ത അമ്മയോട്
എന്റെ ആത്മാവിൽ നീലിച്ചു
തുടങ്ങിയ വെള്ള ഉമ്മം
വേരിട്ട് മുളകൊണ്ട് തളിരാർന്നുലർന്നു
മഴയില്ലാതെ വളർന്ന് വേനൽപ്പൊട്ടിയായിട്ടും
ഒറ്റമഴയിൽ പൂത്ത് കായ്ച്ച് വിഷവെള്ളയാർന്നു
അത് കഴിച്ച് സരോജിനിയേച്ചി ചാകും വരെ
ഞാനവരെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി
അച്ഛന്റെ നെഞ്ചിലെ ഉപ്പുമണം
വിട്ടുപോകും വരെ
ഞാനവരെ മുറുകെമുറുകെ പിടിച്ചു.
This poem captures the voice of a young boy as he reflects on his parents’ relationship, evoking tender memories of his father and mother’s bond alongside the quiet yet powerful awareness of another woman’s presence. Through fragmented images, hushed observations, and a child’s mixture of love, confusion, and betrayal, the poem unravels the complexities of family, loyalty, and unspoken truths. It portrays how innocence confronts adult realities, revealing the emotional landscape of a boy trying to make sense of the shifting dynamics between the people he loves most.
