കവിയും കടലാകെയും,
കുമിയും കാടാകെയും
മുങ്ങീട്ടും മുങ്ങീട്ടും ഇനിയും കാണാനേയില്ല
സമയമേ നിന്റെ ഒടുങ്ങാ ചമയച്ചേർപ്പുകൾ...
നോക്കിനിൽക്കെ കുതിച്ചോടും ഒരോളത്തിൻ
തട്ടേറിമായും നീ
ഒട്ടും, കാത്തിരിപ്പറിയില്ലേ നിനക്കും;
എന്റെ ഓമലേ...
തുടരും, തുടുംനിമേഷമേ
നീ കാലത്തിന്നടിയടരിൻ
ചുടുകാന്തി, കുറുചലനം:
ചടുലം; നിന്നാട്ടമൊക്കുമ്പോൾ,
മല, പുഴ ഉയരുന്നു
തുളുമ്പുന്നു ഭൂവട്ടം...
തൃക്കാലമടിയും ഗാംഭീര്യമോടെ.
അടുക്കലല്ലോ...
നിർത്താതഴിക്കലല്ലോ...
അനവരതം നിവർത്തലല്ലോ...
നിങ്ങളീ പ്രാണചക്രവാളത്തെ
ഊഴമിട്ടെത്തും
അതിന്നാധി അഴലുകളെ,
മോദത്തെ... ഉലയും ബോധത്തണുപ്പിനെ.
ഒന്നുമറിഞ്ഞില്ലയില്ല,
എന്നൊക്കെ അപാരമാം കൃത്യമാർന്ന
മൃതിജനിയേറ്റങ്ങളെയും.
ഉയരും, സമയാജ്ഞകളാൽ
പൊടിച്ചു പൊടിച്ചൊരു മാത്ര;
ഉതിർന്നൂർന്നങ്ങുവരവുണ്ട്
“യ്യോ! നേരമായി നേരമായി...
പോകൂ വേഗാ’’ലെന്ന്
ഭ്രമണത്തിന്റെ ചുറ്റുനിയമമാകെ വഴുക്കുമപ്പോൾ...
തെന്നിപ്പാളുമപ്പോൾ.
വന്നിട്ട്, നിന്നിട്ട്,
ഒരാകെ നോട്ടമുണ്ട്;
നിമേഷ നൃത്താംഗികൾക്കും
ആഹാ ആകാശം ഉന്നതം,
ഒഴിയാൻ വയ്യാ സൂര്യജ്വലനം.
എത്രയും ഉയരെയാകാവോ
അത്രയും ഒരുപാട് മധുവൂറ്റൻപക്ഷികൾ,
ഉയരെ ...ഉയരെ...
അവ പോയ വഴിയേ...വഴിയേ
കുമിഞ്ഞ് കുമിഞ്ഞ്
മോഹത്തിൻ ചുനതൊട്ട
പരൽമേഘത്തോടുകൾ...തോടുള്ളത്തിൽ
എള്ളോളമെള്ളോളം ജലവിത്തിൻ തേരോട്ടം...
മൺനോക്കിൻ നിറവെള്ളാട്ടം.
വിത്തെറിയാൻ ഉടലൊരുക്കി സമയം,
പെരും മൺപുള്ളിത്തോർത്തിറുക്കിക്കുത്തി
മൂവുലകിൻ ശാദ്വലം നോക്കി പെരുകി നിന്നു;
മേധയാ കൽപ്പിച്ചു
“നുള്ളിയെടുക്കേണം
മാനത്തു മാത്രം ലഹരിച്ച സ്വപ്നനീരാട്ടിന്റെ
തെളിക്കള്ളതിറക്കേണം’’
കാറ്റുമ്മ തട്ടി, കുതറും കുഞ്ഞില ചൂടിലായ്
കൊട്ടിപ്പൊതിയേണം..
കാട്ടാറിൻ ഉച്ചിയിൽ തെരുതെരെ പെരുംധാര വെയ്ക്കേണം
ഒന്നിനുമാകാതങ്ങനെ
അനവധി, അനവധി മാത്രകൾ കൊഴിഞ്ഞു..
അസ്വസ്ഥതയുടെ അയവള്ളികളിൽ
സങ്കട കരിമ്പൻ ചാറി
തോർത്തുകൾ ചന്നംപിന്നം പെരുകി.
ക്ഷമയറ്റു
മൂന്നാം നാൾ
ഉച്ചക്കടലും തുള്ളി,
വിതയ്ക്കൂ...വാരി വിതയ്ക്കൂ...
ആവൂ!
അങ്ങനെ വിതയായി
തെയ്യാട്ടമായി
മുഴുവർഷം തിങ്ങി
ആഞ്ഞു മഴയായി ...
