എന്നെ നിങ്ങൾ
ഷോക്കേസിൽ വെയ്ക്കുമ്പോൾ
തുരുമ്പുകമ്പി അടുത്തുവേണം.
നാവിൽത്തുളച്ചുകയറുവാൻ.
മരിച്ചാലും എന്റെ നാവിനെ
നിയന്ത്രിക്കേണ്ടതുണ്ട്
ആൽക്കെമിയിൽ പരാജയപ്പെട്ടവന്റെ
ആത്മകഥ അതിൽ
രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ട്.
ആൽക്കെമി
പരിശീലിക്കുന്നതിനിടയിൽ
കൂടെനിന്ന അപാരബുദ്ധിയുള്ള
ഒരു പെൺകുട്ടിക്ക് ഭ്രാന്ത് പിടിച്ചു.
അവൾ എന്നെത്തലോടി
സ്വർണമാക്കുകയായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ എനിക്ക്
പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത
പല നുണകളും
എന്റെ മരിച്ച നാവിൽ ഉണ്ടാകും.
വാക്കുകളെ സത്യമാക്കുന്ന
നീചവിദ്യക്കിടയ്ക്ക്
ഞാൻ കഴുത്തുഞെരിച്ച്
അവളെ കൊന്ന രഹസ്യമടക്കം.
സത്യത്തിൽ നാവ് എന്നൊന്ന്
എനിക്കില്ലായിരുന്നു.
വായിൽ വളർന്ന ഒരു ഉരഗം
സ്വയം അങ്ങനെ ആയിത്തീർന്നതാണ്.
ഷോക്കേസിൽ ഇരിക്കുന്ന
എന്നെത്തേടി
അതിന്റെ ഇണ എത്തുമെന്നുറപ്പ്.
പെൺകുട്ടി തീർച്ചയായും
അതിനുള്ള വഴി
കാണിച്ചുകൊടുക്കും.
തുരുമ്പുകമ്പിയെപ്പറ്റിപ്പറയട്ടെ.
എന്റെകൂടെ
ഏറെക്കാലമതുണ്ടായിരുന്നു.
ഞാൻ ആദ്യമായി
ആൽക്കെമി പരീക്ഷിച്ചത്
ആ തുരുമ്പുകമ്പിയിലാണ്.
തുരുമ്പുകമ്പിക്ക്ഒന്നും സംഭവിക്കുന്നില്ലെന്ന്
വിളിച്ചുപറഞ്ഞ ഉരഗം
അതേനിമിഷംഎന്റെ നാക്കായി മാറി.
ഷോക്കേസിൽ ഞാൻ വരുമ്പോഴും
അതുകൂടെയുണ്ടാകണം.
തുരുമ്പുകമ്പിയുമടുത്തുണ്ടാകണം.
In this introspective and symbol-rich Malayalam poem, poet Sreekumar Kariyad explores the deeply personal and philosophical dimensions of alchemy — not merely as the transformation of base metals into gold, but as a metaphor for inner change, failed aspirations, and the eternal search for truth. Kariyad also exposes the devastating consequences of lies, suggesting that unspoken or twisted truths often resurface after death, haunting the silence they once hid in. Using powerful imagery — from rusted wires and serpentine tongues to showcases and failed experiments — the poem becomes a haunting allegory of the modern human condition.
