റഷ്യൻ-ഫ്രഞ്ച് ചിത്രകാരനും ആധുനികകലയിലെ മാന്ത്രികപ്പേരുമായ മാർക് ഷഗാൾ (1887-1985) കവി കൂടിയായിരുന്നു. കവിതയുടെ ഭാഷയിൽ വരച്ച ചിത്രകാരൻ എന്നും വിശേഷിപ്പിക്കാം. ഏതിരുട്ടിലും തിരിച്ചറിയാവുന്ന ഭാവനാവിലാസം. സ്വന്തം വംശചരിത്രത്തിലും അനുഭവങ്ങളിലും വേരുള്ളവ. യാഥാർത്ഥ്യവും ഭാവനയും അതിരുകൾ മായ്ച്ച ഷഗാൾ ചിത്രങ്ങൾ പല തലത്തിലും തരത്തിലുമുള്ള കവികളെ വലിച്ചടുപ്പിച്ചു. ചിത്രകാരന്റെ പ്രിയപ്പെട്ട ചങ്ങാതിയും ആധുനിക കവിയുമായ ബ്ലേസ് സെന്ത്രാർ (Blaise Cendrars 1887-1961), ഫ്രഞ്ച് 'സർറിയലിസ്റ്റ്' കവി പോൾ എല്യുയാർ ((Paul Eluard, 1895-1952), അമേരിക്കൻ 'ബീറ്റ്' കവി ലോറൻസ് ഫെർലിങ്ങ്‌ഗെറ്റി (Lawrance Ferlinghetti 1912-2021) അങ്ങനെ നീളുന്നു ഷഗാളിൽ മുഗ്ധരായ കവിപരമ്പര.
ഷഗാളിന്റെ അധികം വാഴ്ത്തപ്പെട്ട ചിത്രങ്ങളിൽ ഒന്നല്ല, 'അശ്വാരൂഢ' (Equestrienne, 1931). എങ്കിലും, ഷഗാൾ മുദ്ര എള്ളിലുള്ളെണ്ണകണക്കെ അതിലുണ്ട്. അറബിക്കഥപോലെ മായികം. ചിത്രത്തിലെ അശ്വാരൂഢരായ യുവതിയും കാമുകനും, യൗവ്വനയുക്തയായ ബെല്ലയും (ഷഗാളിന്റെ കാമുകിയും പിൽക്കാലത്ത് ഭാര്യയും) ഷഗാളുമാണെന്ന് ജീവചരിത്രകാരി ജാക്കി വൽഷ്‌ളെഗർ എഴുതിയ ജീവചരിത്രത്തിൽ (മാർക് ഷഗാൾ ലവ് ആൻഡ് എക്‌സൈൽ, പെൻഗ്വിൻ, 2008) പറയുന്നു. ഈ ചിത്രവുമായി ബന്ധപ്പെടുത്തി കൗതുകകരമായ മറ്റൊരു വിശേഷം കൂടി ജീവചരിത്രകാരി പറയുന്നു. സർക്കസാണ് ചിത്രത്തിന്റെ പശ്ചാത്തലം. കുട്ടിക്കാലത്ത് സർക്കസ് കണ്ട അനുഭവം ഷഗാളിനെ സവിശേഷമായ മാനസികാവസ്ഥയിലേക്കു നയിച്ചിരുന്നു. ചാർലി ചാപ്ലിനുമായി താദാത്മ്യം പ്രാപിച്ചിരുന്നു. ''ചാപ്ലിൻ സിനിമയിൽ ചെയ്യാനുദ്ദേശിക്കുന്നവയാണ് ഞാൻ ചിത്രകലയിൽ ചെയ്യുന്നത്. ഒരു വാക്കു പോലും സംസാരിക്കാതെ എനിക്ക് ഒത്തുപോകാനാവുന്ന ഒരേയൊരു കലാകാരൻ ചാപ്ലിനായിരിക്കും,'' ഷഗാൾ ഒരു സുഹൃത്തിനോടു പറഞ്ഞത് വൽഷ്‌ളെഗർ എടുത്തെഴുന്നു.
രണ്ടു നൂറ്റാണ്ടുകളിൽ പരന്നൊഴുകിയ, നൂറ്റാണ്ടുവാണ, വിഖ്യാത അമേരിക്കൻ കവി ലോറൻസ് ഫെർലിങ്‌ഗെറ്റിയുടെ 'Don’t Let That Horse...'' എന്ന പേരുകേട്ട കവിത ഈ ചിത്രത്തെക്കുറിച്ചാണെന്ന് ഉറപ്പിച്ചു പറയാം. 'The Horse With Violin In Mouth'' എന്നാണ് കവി കവിതയിൽ ചിത്രത്തെ പേരിട്ടു വിളിക്കുന്നത്. ആ പേരിൽ ഷഗാൾചിത്രമൊന്നും ഇല്ലാത്തതിനാൽ ഈ ചിത്രമായിരിക്കണം കവിമനസ്സിൽ.
