ഒരു തിയേറ്ററിനുള്ളിലാണു
ഞാൻ.
അയഥാർത്ഥമായ ഒന്നിൽ
പെട്ടിരിക്കുന്നു
യാഥാർത്ഥ്യമായി
അതിനെ അനുഭവിക്കുന്നു
അകലെയായ്
ഇളം നീലനിറമുള്ളൊരു
കാറ് ഓടുന്നു
കേൾക്കുന്നേയില്ല ഒച്ച
അതിന്റെ
കാഴ്ച ആവശ്യപ്പെടുന്ന
മുഴുവൻ വശ്യതയോടെയും
ആ കാറ് വളവുതിരിഞ്ഞു
നേരേ ഓടിവരികയാണ്
അതിനെയെപ്പോഴും കാണാൻ
ഈ നിലയിൽത്തന്നെ
ആഗ്രഹിച്ചുപോകുകയാണ്
ആ കാറ്
മെല്ലെ
വളരെ മെല്ലെ
വളരെ വളരെ മെല്ലെ
വളരെ വളരെ വളരെ മെല്ലെ
വശത്തോട്ടു തിരിഞ്ഞ്
വശത്തോട്ടു തിരിഞ്ഞ്
അപ്പുറത്തെ അഗാധതക്കുമേൽ
കുതിക്കുന്നു
ഞാൻ കണ്ണടക്കുന്നു
നീലനിറമുള്ള
അഗാധതക്കു മുകളിലൂടെ
ആ കാറു പറക്കുകയാണ്
ഞാനതിനെ
നോക്കിനിൽക്കുകയാണ്
നീലനിറം
പറക്കൽ
കാഴ്ചക്കുമപ്പുറത്തെ
ആ വശ്യത
ഞാനതിനുള്ളിൽ
ഇരിക്കുകയാണോ
ചാരനിറമുള്ള
ഈ വെളിച്ചം
സൂര്യന്റെയോ
ചന്ദ്രന്റെയോ അല്ല
വന്നുംപോയുമിരിക്കുന്ന
പച്ചയെ ഞാൻ
പരിഗണിക്കുന്നില്ല
ഒറ്റിക്കൊടുക്കുന്ന
പച്ചയെ
ഞാനെങ്ങനെ
വിശ്വസിക്കാൻ
fallen gravity
gazing under grey
ഞാനതിനുള്ളിൽ
ഇരിക്കുകയാണ്
ഞാനതിനെ
നോക്കിനിൽക്കുകയാണ്
ഇരിക്കുകയാണ്
അതിനുള്ളിൽ
നിൽക്കുകയാണ്
അതിനെ നോക്കി
അതിനുള്ളിൽ
അതിനുള്ളിൽ
അതിനെ നോക്കി
സ്‌ക്രീനിന്റെ
അതിരിനു വെളിയിലേക്ക്
എന്റെ കണ്ണുകൾ വഴുതുന്നു
അവിടുത്തെ ശില്പവേലകളിൽ
പരതുന്നു എന്റെ നോട്ടം
അവിടംവിട്ടും പോകുന്നു
അയഥാർത്ഥമായതിനു
പുറത്തായിരിക്കുന്നു ഞാൻ
അയഥാർത്ഥമായ
ഒന്നിലായിരുന്നല്ലോയെ-
ന്നറിയുകയും ചെയ്യുന്നു
ഞാൻ ആളുകളെ കാണുന്നു
ആളുകൾ
ആളുകൾ
ആളുകൾ
പെൻഗ്വിനുകളെപ്പോലെ
ചാരനിറം.
എന്റെ നോട്ടം വാളുപോലെ
ചാരത്തെ പിളർന്നു
പറന്നുപോകുന്നു
ഞാനിപ്പോഴും
നീലനിറമുള്ള
ആ കാറിനുള്ളിൽ
ഇരിക്കുകയാണ്
ആ കാറിപ്പോഴും
അഗാധതക്കു
മുകളിലൂടെ പറക്കുകയാണ്
നോക്കിനിൽക്കുകയാണു
ഞാൻ അതിനെ.
ഇരിക്കുകയാണ്
അതിനുള്ളിൽ
പറക്കുകയാണ്
സ്വതന്ത്രവായുവിലൂടെ
നോക്കിനിൽക്കുകയാണു പറക്കുന്നതിനെ
പറക്കുകയാണ്
The poem captures a meditative moment of watching a vivid blue car drift slowly through an indifferent grey world, contemplating perception, reality, and the delicate balance between inner stillness and outward motion.
