നിറം കൊടുക്കൽ,കവിയുടെ ഭാര്യ

Poem

നിറം കൊടുക്കൽ,കവിയുടെ ഭാര്യ


സമിലെ ബാജലി ജില്ലയിലെ പാഠശാലയാണ് കൗശിക് കിശയലിന്റെ ദേശം. അറവമളൗമേ (അസ്പഷ്ടം) എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരം ശ്രദ്ധേയമായിത്തീർന്നു. ഗവ. സെക്കൻഡറി സ്‌കൂളിൽ ഭാഷാധ്യാപകനായ കൗശികിന്റെ പല കവിതകളിലും കലയും ജീവിതവും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രമേയമാവുന്നു. മനുഷ്യമനസ്സിന്റെ ബോധാ ബോധങ്ങൾക്കിടയിലുള്ള വിശുദ്ധഭാവങ്ങളെ ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്നവയാണ് കൗശികിന്റെ കവിതകൾ. ഹിന്ദി, ബംഗ്ലാ, തെലുങ്ക്, ബോഡോ തുടങ്ങിയ ഭാഷകളിൽ ആ കവിതകളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിറം കൊടുക്കൽ

എന്റെ ചിത്രകലാധ്യാപിക
എന്നോട് പറയുമായിരുന്നു,
നിറങ്ങൾ എവിടെയൊക്കെ
കൊടുക്കണമെന്നറിയാത്തഒരാൾക്ക്
ഒരിക്കലും നല്ലൊരു
മനുഷ്യനാവാൻ കഴിയില്ലെന്ന്.
അല്ലെങ്കിലും
എനിക്കറിയാമായിരുന്നു,
എനിക്ക് നല്ലൊരു മനുഷ്യനാവാൻ കഴിയില്ലെന്ന്.
എന്നെ വിവാഹം കഴിപ്പിക്കാനായി അമ്മ പറഞ്ഞു,
മന്ത്രകോടിയിൽ ഞാൻ സുന്ദരിയായിരിക്കുമെന്ന്.
എന്റെ ആഗ്രഹങ്ങൾക്ക്
ഒരു വിലയുമില്ലല്ലോ
എന്നോർത്ത്
എനിക്ക് പരിഭ്രമമായി.
എന്റെ ഉത്സാഹം തളച്ചിടപ്പെട്ടു.
ഭർത്താവ് നിബന്ധനകളുടെ
ഒരു പട്ടിക നിരത്തി.
ഭർത്താക്കന്മാർ
അഭിമാനം പ്രസംഗിക്കുന്നവരും
അജ്ഞരുമാണ്.
അവരുടെ സ്വാതന്ത്ര്യപ്രകാശനത്തിന്
അവർ എന്തും ചെയ്യും.
പുതിയ സുഹൃത്തുക്കൾ
എന്റെ ചുമലിൽ കൈവച്ച് എന്നോട് പറഞ്ഞു,
മന്ത്രകോടിയില്ലാതെ ആർക്കും
ഒരു മനുഷ്യനാവാൻ കഴിയില്ലെന്ന്.
എനിക്കതിന് കഴിയില്ലെന്നും
എനിക്കറിയാമായിരുന്നല്ലോ.
എന്നാൽ ഇപ്പോൾ ഞാനറിയുന്നു,
മന്ത്രകോടി എന്നെ
എങ്ങനെ കബളിപ്പിച്ചെന്ന്,
എന്റെ സ്വാതന്ത്ര്യം
എങ്ങനെ അപഹരിക്കപ്പെട്ടെന്ന്,
അത് നമ്മുടെ വീടുകളിൽ എങ്ങനെയാണ്
അശാന്തി വളർത്തുന്നത് എന്ന്.


Related Articles