അരക്കൂടിലൊരു നനഞ്ഞ ഭാണ്ഡവും പേറി
ഏകയായ് നിന്നവളുടെ കിതപ്പിന്
പഴയൊരു വണ്ടിക്കാളയുടെ ചൂര്.
അവളുടെ സൃഷ്ടികവാടത്തിന്റെ ഊഷരതയിൽ നിന്ന് മദിച്ചിറങ്ങിയാരോ
ആസ്പത്രിമുറിയിലെ സൗരരേഖകളിൽ
അശാന്തിയുടെ നിഴൽവടിവുകൾ തീർക്കുന്നു.
പെയ്തു നിറയുന്ന മനുഷ്യപ്പോരുകൾക്കിടയിൽ,
മടുപ്പിന്റെ കൊഞ്ഞനം കുത്തുന്ന നിശ്വാസങ്ങൾക്കിടയിൽ
അവളുടെ തൊണ്ടക്കുഴിയിൽ നിന്നും അവ്യക്തമായി
ഒരു ഓമനത്തിങ്കൾ വിരിഞ്ഞിറങ്ങുന്നു.
വരാന്തയിൽ നിന്ന് കുടിയൊഴിക്കപ്പെട്ട
ഒരു കാറ്റിൻ ചിറകിൽ
പിന്നീടത് നേർത്തനാഥമായി പോകുന്നു.
കാക്കക്കോലങ്ങൾ വട്ടമിടുന്ന
മരച്ചാർത്തുകൾക്ക് കീഴെ
കെട്ടഴിച്ച പാഥേയത്തിൽ നിന്നിരമ്പുന്ന പുളിപ്പിൻ ബീജങ്ങൾ
അവളുടെ ഒട്ടിയ വയറിനെ
ആസക്തിയോടെ ഉഴിയുന്നു.
ഉള്ളിലെ ഉറവയിൽ ചുഴലികളുയിർക്കുമ്പോൾ,
ഉഷ്ണപ്രവാഹമൊരു ഉന്മത്തഗാനമാകുമ്പോൾ,
പൂത്ത ശോണാഗ്രത്തിന്റെ കാൽവരികളിൽ
നാളെ കുരിശിലേറ്റപ്പെടാനുള്ളവളുടെ
പേർ ആരോ കൊത്തിവെയ്ക്കുന്നു.
ഒരു മണം തെരുവിലലയുന്നു,
ചേക്കേറാൻ മുളംതണ്ടില്ലാത്തൊരീണം പോലെ.
ഒരു മണം നിരത്തിൽ പുളയുന്നു,
നടുവിന്നടിയേറ്റ ഉരഗത്തിൽ പാഞ്ഞ കൊള്ളിയാൻ പോലെ.
ഒരു മണം കുഴഞ്ഞ് വീഴുന്നു,
കുതികാലിൽ അമ്പേറ്റ കൃഷ്ണമൃഗത്തെ പോലെ.....
