ആരിവർ
ഏഴു സോദരിമാർ പെറ്റ
മക്കളോ -
ജോഹന്നാസ് ബർഗിലോ
പാളയത്തോ
പാതാളത്തിലോ
ഭുജംഗയ്യൻ്റെ നാട്ടിലോ -
എവിടെ നിന്നിവർ ?
കങ്കാണിമാരാട്ടി ഇറക്കിവിട്ടാലും
പിന്നാലെ പിന്നാലെ
കൊട്ടും പാട്ടുമായ്
ഒക്കത്തു തൊട്ടിലുമായ്
തൊട്ടിലിൽ ചാഞ്ഞു
മുല ചപ്പും കുഞ്ഞുമായ്
ഇടംകൈയുയർത്തി
ഭൂഗോളവാദ്യം മുഴക്കി
കൂട്ടമായാട്ടമായ്
ഏന്തിക്കുതിച്ചു വരുമിവരാരോ :
ഇവരാണു ഭ്രഷ്ടർ
അമ്മയുടെ മടിത്തടം നഷ്ടമായോർ,
എന്നാലുമില്ലിവർക്കൊളിച്ചോട്ടം
പിൻമടക്കം.
ഇവർ മനുഷ്യാലയ ശിൽപികൾ
ഇവർക്കില്ല വീടും കുടിയും
ഏതൊരു നാട്ടിലും.
ഇവരുടെ രക്ത പ്രാർത്ഥനയ്ക്കു
സൗകര്യ സാക്ഷിയെൻ കവിത
ഇവിടെയൊരു
ഒപ്പുകടലാസ്സു പോലെയെൻ കവിത.
പാതിരാവിൽ
ചതിക്കുഴി വെട്ടുവോർക്കു
വിളക്കു കാട്ടും
മുതുകൂനിയെ പ്പോലെയെൻ കവിത
വിറയ്ക്കുന്നു:
ചിലപ്പോൾ
ഞാൻ തന്നെയാവില്ലേയീ
കള്ളിമുൾക്കുഴിയിൽ ചില്ലാണി -
ക്കന്മഷ ബോംബിൽ കാൽവയ്ക്കുക!
