കടൽ

Poem

കടൽ



വിളക്കു കത്തിച്ചുവെച്ച് ഉറങ്ങുന്നതാണ്
അവളുടെ ശീലം.
ആരും അത് കെടുത്തുന്നത് അവൾക്കിഷ്ടമല്ല.

അങ്ങനെയിരിക്കെ മഴപെയ്ത രാത്രിയിൽ
ആ വിളക്ക് തനിയെ കെട്ടു.
രാത്രി അവളെന്നും തനിച്ചാണ്.

ഞെട്ടി ഉണർന്നപ്പോൾ പുറത്തെ ഇരുട്ടിൽ
ആരോ കൈമാടി വിളിക്കുന്നു.
പോയിനോക്കിയപ്പോൾ അതൊരു വാഴക്കൈ ആയിരുന്നു.

ഇപ്പോൾ മനസ്സിലായില്ലേ,
ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന പെൺമനസ്സ്.
പിന്നെന്തിനാണ് ഉറങ്ങുമ്പോൾ അവൾ വിളക്കു കത്തിച്ചുവെക്കുന്നത്?

അയാൾ കടലിൽ മീൻകോരാൻ പോകുന്നത് രാത്രിയിലാണ്.
അവളെ തനിച്ചാക്കിയാണ് ആ യാത്ര.
പെണ്ണിന്റെ പ്രാർത്ഥനയാണ് കടലിൽ പോയവന്റെ കരുത്ത്.

മഴപെയ്ത രാത്രിയിൽ കാറ്റായിരുന്നു അവളുടെ വിളക്കു കെടുത്തിയത്.
അന്നേദിവസം കടലിന്റെ ആഴത്തിലും പരപ്പിലും കാറ്റ് വീശിയിരുന്നു.
കാറ്റും കോളുംകൊണ്ട് തിരിച്ചെത്തിയപ്പോൾ അവൾ വീട്ടിലില്ല.

വിളക്കുകെട്ടദിവസം വീട്ടുമുറ്റത്തു തോണിയിറക്കി
അവൾ ചാകര കളിച്ചതായി നാട്ടുകാർ പറയുന്നു.
നാട്ടുകാർക്ക് എന്തും പറയാം.

മൂന്നാംദിവസം പരീക്കുട്ടിയോടൊപ്പം
കരക്കടിഞ്ഞത് അവളായിരുന്നു.
അത് കറുത്തമ്മയല്ല, പാത്തുമ്മയാണെന്നു നാട്ടുകാർ.

സമ്മതിക്കില്ല, സമ്മതിക്കില്ല,
ഒരു പരീക്കുട്ടിയും കറുത്തമ്മയും കെട്ടിപ്പിടിച്ചു ചാകാൻ
കടലും സമ്മതിക്കില്ല.

ചെമ്മീൻ മാറ്റി എഴുതാൻ തിരകളിലും സമ്മർദ്ദം.
അതാ അവളുടെ വിളക്കുമായി വടിയുംകുത്തി
തകഴിയിലേക്ക് ഒരാൾ നടന്നുപോകുന്നു.

Surab’s poem tenderly portrays the emotional world of a fisherman's wife, who waits by the shore with hope and longing as her husband braves the vast, unpredictable sea. Blending the rhythms of the ocean with the quiet strength of love and endurance, the poem reflects on separation, uncertainty, and the deep emotional ties that bind two lives across tides and time.


Related Articles