ഈച്ച

Poem

ഈച്ച



ഇരിപ്പിടമില്ലാത്ത ഒരൊച്ചതന്നെയാണ് പ്രശ്‌നം.
പ്രാണിക്കും പക്ഷിക്കുമിടയിൽ

തൊലിപ്പുറത്തും പൂച്ചക്കണ്ണിലും
കായ്ച്ച മരത്തിലും
നനഞ്ഞ കാറ്റത്തും
തെന്നിപ്പറക്കുമെങ്കിലും.

പറക്കലാണെന്നു പക്ഷേ,
തോന്നില്ല,
പാഞ്ഞുപോകുന്ന ഒരു നിമിഷമെന്നോ
മറ്റോ,
തെന്നിപ്പോകുന്ന ഒരു മൂളക്കമെന്നോ മറ്റോ.

ഒരു കൈവീശലിൽനിന്നും എങ്കിലും
പാറും പൊന്നീച്ച.

പെട്ടെന്ന് അടച്ചുകളഞ്ഞ
പുസ്തകത്തിലെന്ന പോലെ
മുറുക്കിയടച്ച തണുത്ത
കൺപോളകൾക്കിടയിലും.

തണുത്ത വീട്
തണുത്ത നിശ്ശബ്ദത
തണുത്ത ജീവിതം
തണുത്ത വാക്ക്.

നോക്കിയിരിക്കെ കാണാതാകും.
ഒരു ചിലമ്പിച്ച മൂളൽ മാത്രം
ശേഷിക്കും.
മരവിച്ച ശ്വാസത്തിന്റെ
ഗ്രാഫിലുറഞ്ഞ്.

Bijoy Chandran's poem depicts a fleeting, restless presence that briefly stirs cold, silent life before disappearing, leaving only a faint echo behind.


Related Articles