കാലത്തിൽ ഉരച്ചുനോക്കിയ കവിത

Poem

കാലത്തിൽ ഉരച്ചുനോക്കിയ കവിത


നമ്മുടെ കാലഘട്ടത്തിലെ തലയെടുപ്പുള്ള ഒരു കവി, അദം സഗയ്യെവ്‌സ്‌കി (1945-2021) കഴിഞ്ഞ മാർച്ച് 21-ന് വിട്ടുപോയി. വിസ്ലാവ ഷിംബോർസ്‌ക കഴിഞ്ഞാൽ സമീപകാലത്ത് ഏറ്റവും അറിയപ്പെട്ട പോളിഷ് കവി മാത്രമായിരുന്നില്ല സഗയ്യെവ്‌സ്‌കി. ലോകസമകാലീന കവിതയുടെ വ്യക്തവും സാന്ദ്രവും തീവ്രവുമായ മുഖം കൂടിയായിരുന്നു. ''കാവ്യദേവത അപൂർവ്വമായി മാത്രമേ ഇത്രമാത്രം വ്യക്തതയോടെയും ആസന്നതയോടെയും സംസാരിച്ചിട്ടുള്ളൂ,'' വിശ്രുതകവി ജോസഫ് ബ്രോഡ്‌സ്‌കിയുടെ വാഴ്ത്ത്, കാവ്യലോകവും കണ്ടെത്തുകയായിരുന്നു.

2001 സെപ്തംബർ 11ന് (9/11) അമേരിക്കയുടെ ഇരട്ട അംബരചുംബികൾ ഭീകരാക്രമണത്തിൽ കല്ലിന്മേൽ കല്ലവശേഷിക്കാതെ തകർന്നടിഞ്ഞപ്പോൾ, പ്രശസ്തമായ ന്യൂയോർക്കർ വാരിക, ആ നടുക്കം അനുഭവിപ്പിക്കാൻ ഒരു കവിത തേടുകയായിരുന്നു. ചെന്നുനിന്നത് അദം സഗയ്യെവ്‌സ്‌കിയിൽ. 'അംഗച്ഛേദം വന്ന ലോകത്തെ വാഴ്ത്തിപ്പാടാൻ ശ്രമിക്കുക' എന്ന കവിത (സഗയ്യെവ്‌സ്‌കി 9/11-ന് ഏതാണ്ട് ആറുമാസം മുമ്പെഴുതിയ കവിതയായിരുന്നു അത്.) 2001 സെപ്തംബർ 24-ന്റെ ലക്കത്തിൽ ഇടംപിടിച്ചു. അതോടെയാണ്, ഇംഗ്ലീഷുമായി സംവദിക്കുന്ന വിപുലമായ ഒരു കാവ്യലോകം ഈ കവിയിലേക്ക് അടുക്കുന്നതെന്നു തോന്നുന്നു.

കവി മാത്രമല്ല, നോവലിസ്റ്റും ഗദ്യകാരനും വിവർത്തകനുമാണ് സഗയ്യെവ്‌സ്‌കി. ''ഞാനൊരു കവിയാണ്, ബുദ്ധിജീവിയല്ല,'' എന്ന് അദ്ദേഹം പലവുരു ആവർത്തിച്ചിട്ടുണ്ട്, അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും. രണ്ടാംലോകമഹായുദ്ധത്തിനുശേഷം ജന്മനാടായ ല്‌വോവും പിന്നീടു താമസമാക്കിയ ക്രാക്കോവും വിട്ട് ബെർലിനിലും പാരീസിലും ഷിക്കാഗോയിലും ഹ്യൂസ്റ്റനിലുമെല്ലാം കവി പ്രവാസജീവിതം നയിച്ചു. ''എനിക്ക് രണ്ട് ജന്മനാടുകൾ നഷ്ടമായി. അതിനാൽ മൂന്നാമതൊന്നു കണ്ടെത്തി: ഭാവനയുടെ സാമ്രാജ്യം.'' അവിടെ അദ്ദേഹം പ്രജാപതിയായിരുന്നു. 'അപാരേ കാവ്യസംസാരേ കവിരേകഃ പ്രജാപതി.'


Related Articles