രാത്രിയുടെ മൂന്നാം യാമത്തില്‍
കോഴികൂവുന്നതിനും മുന്നേ
തൊമ്മി ഉറക്കമുണര്‍ന്നു.
മേശവലിപ്പില്‍ നിന്നും അയാള്‍
തന്റെ ക്ലാര്‍നെറ്റ്
കൈനീട്ടിയെടുത്ത്
റീഡിലെ പ്രാചീനമായ
തുപ്പല്‍ മണത്തില്‍ വിരലോടിച്ചു.
തലമുറകളായി അതില്‍ പറ്റിനിന്ന
പാട്ടുകള്‍ അയാളുടെ കൈവിരലുകളിലൂടെ
മുകളിലേക്ക് കയറി ചുണ്ടിലെത്തി.
തൊമ്മി പതിയെ ഒരു പാട്ടു വായിച്ചു.
ഇരുട്ടിനെ വകഞ്ഞു മാറ്റി
ഒരു കൊള്ളിയാന്‍ പാഞ്ഞതും
തീരത്ത് വെളിക്കിരിക്കാന്‍ വന്നവര്‍
ഞെട്ടിയതും
പതിവില്ലാതെ ഒരു മഴപെയ്തതും
ഒരുമിച്ചായിരുന്നു.
ഇറയത്ത് നീളന്‍ കൈയ്യുകള്‍ തൂക്കി
മഴ നില്‍ക്കുന്നത് കണ്ടപ്പോള്‍
തൊമ്മിക്ക് സങ്കടം തോന്നി.
അയാള്‍
മഴയെ അകത്തേയ്ക്കു വിളിച്ച്
ഒടിയാറായ തന്റെ കട്ടിലിന്റെ
ക്രാസിയോടു ചേര്‍ന്നിരുന്നുകൊള്ളാന്‍
പറഞ്ഞു.
ആദ്യമായിട്ടായതുകൊണ്ടാവാം
മഴയ്ക്ക് ആ ആതിഥ്യം
വല്ലാത്ത പരിഭ്രമമുണ്ടാക്കി.
അത് പാതി ചന്തി കട്ടിലില്‍ വെച്ച്
മനസ്സില്ലാമനസ്സോടെ അവിടെയിരുന്നു.
തൊമ്മി വീണ്ടും വായിച്ചുതുടങ്ങി.
ഒരു മനുഷ്യനും മഴയും
ഒരേ കട്ടിലിന്റെ
അങ്ങേത്തലയ്ക്കലും
ഇങ്ങേത്തലയ്ക്കലും
കാലാട്ടിയിരിക്കുന്ന ദൃശ്യത്തില്‍
ആ സിനിമ തീര്‍ന്നു.
അത് ക്ലാര്‍നെറ്റ്തൊമ്മിയുടെ
കഥയായിരുന്നു.
അയാള്‍ക്ക് ഒരു സ്ത്രീയോട്
ഇഷ്ടമായിരുന്നു.
അവള്‍
കൊളുന്തു നുള്ളാന്‍
പോകുന്നവളായിരുന്നു.
അവളെ കടല്‍ത്തീരത്തേയ്ക്ക്
ആരോ കല്യാണം കഴിച്ചു
കൊണ്ടുവന്നതായിരുന്നു.
അവള്‍ക്ക് രണ്ടു മക്കളുണ്ടായിരുന്നു.
അവളുടെ കെട്ടിയോന്‍
തിരയില്‍പ്പെട്ട് ചത്തുപോയതായിരുന്നു.
അവളിപ്പോള്‍ കൊളുന്തിന് പകരം
കൊഞ്ച് നുള്ളുകയായിരുന്നു.
ഇടയ്‌ക്കൊക്കെ അവള്‍
കിഴക്കന്‍ ഭാഷയില്‍ സംസാരിക്കുമ്പോള്‍
കടല്‍ അവളെ കളിയാക്കി.
എന്നിട്ടുമവള്‍
മലകളും കടലും തമ്മിലൊരു
പാലം പണിതിരുന്നു.
വെയില്‍ താണ ഒരു
വേനല്‍ക്കാല സന്ധ്യയില്‍
ഉന്തുവണ്ടിയില്‍ മദാമ്മപ്പൂടയുമായി
അവിടേയ്ക്കു വന്നവനായിരുന്നു തൊമ്മി.
അയാള്‍ക്ക് വേറെ ആരുമുണ്ടായിരുന്നില്ല,
ക്ലാര്‍നെറ്റല്ലാതെ.
മക്കള്‍ക്ക് മദാമ്മപ്പൂട വാങ്ങാന്‍
ഉന്തുവണ്ടിയുടെ അടുത്ത്
ചെന്നതായിരുന്നു അവള്‍.
കടലാസ്സില്‍ പൊതിഞ്ഞു പൂട
എടുക്കുന്നതിനിടയില്‍
അയാളുടെ കൈ അവളുടെ വയറ്റില്‍
അറിയാതെ തട്ടിയതായിരുന്നു.
ഒരു ചീത്ത മനുഷ്യനെന്ന് കരുതി
അവളയാളുടെ കരണത്ത്
ആഞ്ഞടിച്ചതായിരുന്നു.
അന്ന് തുടങ്ങിയതായിരുന്നു തൊമ്മിക്ക്
അവളോടുള്ള കടുത്ത പ്രണയം.
ഇരവുകളില്‍ തിരമാലകള്‍ക്കുമേല്‍
കവര് പൂവിടുന്ന നേരമൊന്നില്‍
അയാള്‍ അവളോട്
തന്റെ പ്രണയം പറയുകയും ചെയ്തിരുന്നു.
ആദ്യമൊന്നും അവള്‍ അടുത്തതില്ല.
പക്ഷെ നിലാവ് പൊഴിയുന്ന
മറ്റൊരു രാത്രിയില്‍
തന്റെ ഹൃദയത്തിന്റെ ചുമരില്‍
ഒരു സിനിമാപ്പോസ്റ്റര്‍ പോലെ
തൊമ്മിയെ അവള്‍ പതിപ്പിച്ചു വെച്ചു.
എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍
അവര്‍ തീരത്തെ പാറകളുടെ
മറവില്‍ കണ്ടു മുട്ടിയിരുന്നു.
നാളുകള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍
ഒരു ദിവസം തൊമ്മി അവളുടെ
കൈയില്‍ ഒന്ന് തൊട്ടു.
കടല്‍ക്കാറ്റ് അവളുടെ മുടിയിഴകളില്‍
ഉപ്പുപുരട്ടി ഉണങ്ങാനിട്ടിരുന്നത്
അയാള്‍ ചുണ്ടുകള്‍ക്കൊണ്ട്
എടുത്തുകളഞ്ഞു.
അവളുടെ കയ്യുകള്‍ അയാളുടെ
കഴുത്തില്‍ നങ്കൂരമിട്ടു.
ഹാര്‍ബറില്‍ പുതിയതായി പണികഴിപ്പിച്ച
ഒളിഞ്ഞുനോട്ടക്കാരന്‍ വിളക്കുമരം
വെളിച്ചത്തിന്റെ നീളന്‍ കൈകളില്‍
ആ രഹസ്യം തോണ്ടിയെടുത്ത്
കരയായ കരയെല്ലാം വിതറും വരെ
അവര്‍ ഒരുമിച്ചിരുന്നിരുന്നു.
ആളുകള്‍ മോശം പറഞ്ഞു തുടങ്ങിയപ്പോള്‍
കടല്‍ മാത്രം അവളോട് സഹതപിച്ചു.
വീണ്ടും വീണ്ടും കവര് വിരിയിച്ചുകൊണ്ടു
അത് അവളുടെ കൂടെ നിന്നു.
ഒരുദിവസം ഒരു പൂവരശിന്റെ ചുവട്ടില്‍
അവള്‍ തൊമ്മിയെ തടഞ്ഞുനിര്‍ത്തി
ആളുകളെല്ലാം കേള്‍ക്കെ
അക്കാര്യം വിളിച്ചു പറഞ്ഞു.
തിരശീലയില്‍ ആ രംഗത്ത്
കാറ്റൊഴികെ ബാക്കിയെല്ലാം
നിശ്ശബ്ദമായിരുന്നതിനാല്‍
എല്ലാവരും
അവരവര്‍ക്കു തോന്നിയതുപോലെ
അവിടം പൂരിപ്പിച്ചു.
തൊമ്മി അവളുടെ വീട്ടിലേക്ക് താമസം മാറ്റി.
മൂന്നുനാളുകള്‍ കഴിഞ്ഞപ്പോള്‍
തൊമ്മിയില്ലാത്തൊരു പകല്‍ നേരം
വെയില്‍ തിളച്ച തീരത്തേക്ക്
കടലങ്ങു കയറിവന്നു.
വന്നുവന്ന് കടല്‍ പൊങ്ങി
കരമുഴുവന്‍ കടലായി.
നേരമേറെ കഴിഞ്ഞ്
കടലിറങ്ങിപ്പോയപ്പോള്‍
തൊമ്മിയും ഉന്തുവണ്ടിയും
തീരത്തു തനിച്ചായി.
മണല്‍കൊണ്ടെഴുതിയ കഥകളില്‍
കടല്‍ അയാളോട് സംസാരിച്ചു.
പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്
ഒരു തെങ്ങിന്റെ മുകളില്‍ നിന്നും
അവളെ അയാള്‍ കണ്ടെത്തുന്നത്.
അവളുടെ അന്ന് രക്ഷപെട്ട
രണ്ടുമക്കളിലൊരാളാണ്
ഇപ്പോളീ കവിത
വായിച്ചുകൊണ്ടിരിക്കുന്നത്!
Clarinet Thommi a poem written by Sajin P.J.
