അമ്പലച്ചുമരിൽപ്പണ്ട്
അജ്ഞാതന്മാർ പരസ്യമാ-
യെഴുതീ രണ്ടുപേർ തമ്മിൽ
ചുംബനംചെയ്ത സംഭവം
ചുണ്ടുകൾ കൂട്ടിമുട്ടുന്ന
പടവും പലപോസിലായ്
നിറച്ചുവെച്ചൂ പിക്കാസോ
പമ്മിനില്ക്കുന്ന ശൈലിയിൽ
ആണും പെണ്ണും അതേ നാട്ടു-
കാരാണാരും കൊതിച്ചുപോം
സൗന്ദര്യം, കാശ്, ജാതിപ്പേ-
രെല്ലാം സ്വർണം സനാതനം
താഴെയുണ്ടവർതൻ പേര്
ശിവൻ പാർവതി (യെന്നിവർ
സംശയം വേണ്ട. ദൈവങ്ങ-
ളല്ലാ, പച്ചച്ചമാനുഷർ)
ശിവൻ കയ്യിലകപ്പെട്ട്
നിർവൃതികൊണ്ട് പാർവതി
കണ്ണുകൾ രണ്ടുമാമ്പൽപ്പൂ-
കൂമ്പി നില്ക്കുന്നപോലെയും
ശിവന്റെ ചുണ്ടുകൾ കൂർത്ത്
ചെല്ലുന്നേരമവൾക്കൊരു
രോമാഞ്ചം നീറ്റുകുമ്മായ-
ച്ചുമരിൽ ചുണ്ടിന്റെ സംഗമം
അടിയിൽ അവനെപ്പറ്റി
തെറിയിൽ തീർത്ത മുക്തകം.
(പാർവതിക്കാദ്യഗർഭത്തിൽ
'പിള്ളയാർ*'? എന്ന ചോദ്യവും)
പലരും പലതാം നേര-
ത്താവർത്തിച്ചുരചിച്ചതാം
ചുമർച്ചിത്രങ്ങൾ! മങ്ങാത്ത
കരിതൻ തുമ്പികൾ, കൊമ്പുകൾ
ചെണ്ടമേളം, വെടിക്കെട്ട്
തകർക്കും കാളരാത്രിയിൽ
ശിവപാർവതിമാർ പൂണ്ടു-
കിടക്കും പുല്ലുപായയും.
ആരുമേ കണ്ടുകൂടാത്ത
ഉത്സവം കൊടിയേറിയോ?
ആനന്ദക്കൂത്തു കാണാനാ-
യാളുകൾ വന്നുകൂടിയോ?
A vivid and playful poem blending mythology and human imagination, portraying the secret, sensuous, and celebratory aspects of love and desire.
