ചിരിക്കൂറ്റൻ

Poem

ചിരിക്കൂറ്റൻ


ഴ പെയ്യുന്നുണ്ടായിരുന്നു.
കടത്തിണ്ണയിൽ കൊള്ളിയാൻവെട്ടം മിന്നിക്കളിച്ചു.
തൂവാനമേൽക്കാതിരിക്കാൻ മേൽക്കട്ടി താഴ്ത്തിവെച്ചിരുന്നു.
പനയോല വട്ടിയ്ക്കകത്ത് തിള കാത്ത്,
ഒന്നര റാത്തൽ മരച്ചീനി മരവിച്ചിരുന്നു.
ചങ്കുപൊട്ടിച്ചത്ത തലപ്പൊലയൻ്റെ വേർപ്പിറ്റിയ വാട,
മരച്ചീനി തൊലിക്കുമ്പൊഴൊക്കെ കൂട്ടായി വരാറുണ്ട്.
പാലിത്തേക്കിന് പഴങ്കഞ്ഞി ഒഴിച്ച്,
ഒരു വറ്റൽ മുളക് ചുട്ട്, അടുത്തു വെച്ചാൽ,
ഞാറ്റടിക്കണ്ടം തേവിപ്പറ്റിച്ച് ഒരു വരവാണ്.
തോട്ടിലൊന്ന് കൈകാൽ മെഴക്കി,
ഉടുത്ത തോർത്ത് അഴിച്ച് ചേറു കുടഞ്ഞ്,
മിറ്റത്ത് വന്ന് 'എടിയേ' എന്നൊന്നു വിളിക്കും.
മഴ തോർന്ന്,ആളുകൾ തെക്കുവടക്ക് ഓടിത്തുടങ്ങി.
ഓർത്തു തുടങ്ങിയതിനെ പനയോല വട്ടിക്കൊപ്പം മടക്കിയെടുത്ത്,
അന്തിചാഞ്ഞ വഴിയിലോട്ടിറങ്ങി നടന്നു.
ഏന്തി വലിഞ്ഞു നടക്കുമ്പം ദേ, വീണ്ടും മൂപ്പില്,
ചാരമെറിഞ്ഞ കണ്ടത്തിൽ ചാലടച്ച് നിവരുന്നു.
'ടീ ഉവ്വേ, ആ മുറുക്കാൻ പൊതിയിങ്ങെടുക്ക് '
മുട്ടിന്, മുട്ടിന് മുറുക്കണം.
ചേറടിഞ്ഞ വരമ്പേലിരുന്ന് ചേലുള്ളൊരു ചിരി.
ഓരോ ചിരിയും നെഞ്ഞിലെരച്ചു നിൽപ്പാണ്.
ഓർത്തുവെക്കാനൊരു വെള്ളപ്പൊക്കം,
ചെറ്റ തകർത്ത് കേറിയതിൻ്റെയെരപ്പ്.
തോട്ടു വെള്ളത്തീന്ന് പൊക്കിയെടുത്ത് കിടത്തിയപ്പോഴും,
മുറുക്കാൻ ചവച്ച അതേ ചിരിയാരുന്നു.
ചുവന്നു തുടുത്തൊരു നച്ചത്രച്ചിരി.
ഓർമ്മ കോട്ടി ഇറയത്തു കേറുമ്പൊഴും,
ചിരി പതുങ്ങി പൊരേലോട്ട് കേറി.


Related Articles