തണലുപെയ്യാൻ പിറന്ന
ചെറിമരം
വെയിലുതിന്നു ചൊല്ലുന്നു
മനുഷ്യരേ,
ചതി പഠിക്കാത്ത
പക്ഷിജന്മങ്ങളേ,
മൃദുലമാനസന്മാരാം
മൃഗങ്ങളേ,
പൊടി വിഴുങ്ങും
പവിത്രനാഗങ്ങളേ,
മലരു മലരിനെ പ്രാപിക്കുവാൻ
ചിത്രശലഭദൂതിയെ
സൽക്കരിക്കുന്ന നാൾ
വരികയെന്റെ തണലത്ത്
ലൈംഗികസ്ഫുരണമാകുവാൻ
സംതൃപ്തരാകുവാൻ.
പ്രണയമെന്നാൽ
പരസ്പരം ചുംബിച്ചു
സമരകാഹളം കായ്ക്കുന്ന വിപ്ലവം.
പ്രണയമെന്നാൽ
മതാന്ധകാരത്തിന്റെ
തെരുവിൽ വയ്ക്കും വിളക്ക്.
നിഷേധികൾ
ധനവിചിത്രസാമ്രാജ്യം തകർക്കുവാൻ
കരുതിവച്ച കരുത്തിന്റെ തോക്ക്.
ചെറിമരത്തിന്റെ
ചില്ലയിലേക്കതാ
ചിറകുവീശിയടുക്കുന്നു കാമികൾ.
In this poem written by Kureeppuzha Sreekumar envisions a cherry tree calling humans to embrace love as both a natural passion and a revolutionary force that defies hypocrisy, religious darkness, and material greed.
