ഇത്തിരിച്ചേമ്പിലക്കിണ്ണം, നിലയ്ക്കാത്ത
പെയ്ത്തു തോർന്നുച്ചവെയിൽപരന്നു, മര -
പ്പച്ചയ്ക്കു നോക്കാൻ മുഖംമിനുക്കാൻ മഴ
വെച്ചുപോയ് സ്ഫാടികബിന്ദുവീഹൃത്തിലും.
മറ്റൊന്നുമില്ലെങ്കിലെന്തേ, മനോജ്ഞമാ -
യൊപ്പുവയ്ക്കുന്നൂ വെളിച്ചവും വർണ്ണവും..
ശുഭ്രമാകാശത്തൊടാകാശഗംഗയും
ദൃശ്യമാകാമിതിൽ ധ്യാനിച്ചുനില്ക്കുകില്.
ഈ നില്പിൽ വയ്യൊട്ടനങ്ങുവാനീത്തുള്ളി
വീണുടഞ്ഞാലോ വരൾച്ചകൾക്കിപ്പുറം ?
ലോകം മുഴുക്കെയും പേറുന്നു ഞാനിതിൽ,
മാറോടണയ്ക്കുന്നു വൈഡൂര്യമെന്നപോൽ.
Chembila - Poem written by Vijayalakshmi
