സ്വൈര്യക്കേട്കൊണ്ട് കണ്ണുകെട്ടി
ചാക്കിൽ ദൂരെക്കൊണ്ടെറിഞ്ഞ പൂച്ച
മാന്തിപ്പൊളിച്ച ചാക്കിലെ തുളയിൽ നിന്ന് വലിഞ്ഞിറങ്ങിയാൽ ഉടനെ
പരിചയമുള്ള ആദ്യത്തെയും അവസാനത്തെയും വഴി നോക്കി പതിവുപോലെ തിരിച്ചുനടക്കും.
വേച്ച് മടുക്കുമ്പോൾ നീണ്ടുറങ്ങിയും
വിശക്കുമ്പോൾ വഴിയരികിലെ മേൽക്കൂരകൾക്ക് താഴേക്ക് നൂണ്ട് കയറി പങ്ക് പറ്റിയും
ഉടൽ മുറിവുകൾ നക്കിയും തുടച്ചും
അത് പിന്നെയും പോയ ദൂരം അത്രയും തിരിച്ച് നടക്കും.
അടുത്ത ദിവസം ഇറക്കിവിട്ടേക്കാമെന്ന ഭീതിയിൽ ഉറക്കം നഷ്ടപ്പെടുന്ന വാടകക്കാരൻ്റെ ജീവിതബോധ്യം ഇല്ലാത്തതുകൊണ്ട്
ചാരിയിട്ട വാതിലിലുരുമ്മി തുറന്ന്
അതേ കിടക്കയിൽ അതേ മണത്തിന് കീഴിൽ വിശക്കുന്ന വയറോർക്കാതെ പൂച്ച അന്നേ ദിവസവും ഉറങ്ങിത്തീർക്കും;
"എൻ്റെ വീടെൻ്റെ വീട്" എന്ന് കൂർക്കം വലിക്കും.
എത്രയെത്രയോ തവണ കറുത്ത വണ്ടികൾ തനിക്ക് കുറുകെ ചാടിയിട്ടും
നേരക്കേട് ബാധിക്കാത്ത വിധം
അതേ കിടക്കയിൽ എന്നും താൻ മടങ്ങി എത്തുന്നു എന്ന്
പൂച്ചയിലെ നാസ്തികൻ അഭിമാനം കൊള്ളും.
