ഇടവഴിയിലെ പൂച്ച

Poem

ഇടവഴിയിലെ പൂച്ച


യൽപക്കത്തെ
കുന്നൻപൂച്ചയുമായി
കൂട്ടുകൂടി പെറ്റുകൂട്ടുന്ന വളർത്തുപൂച്ചയെ
കൊണ്ടുക്കളയാനാണ്
നഗരത്തിലേയ്ക്കുള്ള
ബൈക്ക് യാത്ര
ഇടവഴിലൂടെയാക്കിയത്.

വാഹനങ്ങളേറെയില്ല.
ആൾസഞ്ചാരമോ വീടനക്കങ്ങളോ
അധികമില്ല
ഒരു കാറിനു
കഷ്ടി കടന്നുപോകാനുള്ള
വീതിയുണ്ടെങ്കിലും
അങ്ങനെ തോന്നിക്കാറില്ല.
കാറുള്ളവരാരും
ആ വഴിയേ തുനിയാറുമില്ല.

അങ്ങോട്ടു പോകുമ്പോൾ
വലത്തേ കുന്നിൽ നിന്നും
പുറപ്പെടുമൊരുകാറ്റ്
വയലേല കടന്ന്
ഇടത്തേക്കുന്നിനെ ചുംബിച്ചു
തിരിച്ചുപോകുന്നതും
കതിരുകളങ്ങോട്ടുമിങ്ങോട്ടും തലയാട്ടി
അതുകണ്ടുല്ലസിക്കുന്നതും കാണാം.
ആയതിന്റെയൊരു
കുളിരുണ്ടാവഴിയിൽ
സദാനേരവും.

ഇടവഴിയ്ക്കങ്ങേ തലയ്ക്കൽ,
വയലിനു കുറുകേ
വലത്തേക്കൊരു തിരിവുണ്ട്.
അതുവഴിയാണ്
നഗരത്തിൽ പ്രവേശിക്കേണ്ടത്.
പൂച്ചയെ അവിടെ ഉപേക്ഷിച്ചാൽ
ആരും കാണില്ല...
ഉപേക്ഷിച്ചു.
ആരും കണ്ടില്ല.
പോകാൻ മടിച്ച പൂച്ചയെ ആട്ടിപ്പായിച്ചു.
ഇടക്കിടയ്‌ക്കൊന്നു
തിരിഞ്ഞു നോക്കി
ലക്കുകെട്ടപോലതോടിമറഞ്ഞു.


Related Articles