പക്ഷേ

Poem

പക്ഷേ


ചോദ്യം ചെയ്യാതിരിക്കുന്നതെങ്ങനെ
എന്ന ചോദ്യത്തിൽ പെട്ടവനെ
ദൈവം തുണക്കില്ല.
നരകപ്പടിക്കെട്ടുകൾ പോലും താങ്ങില്ല.
ഉഴവുചാലിലെ
വിത്തുകൾക്കകത്തും
അവനെതിരെ
ഒരു ചിരി വിരിയും.
കാട്ടുമരങ്ങൾ പരിഹസിക്കും.
ചോലവെള്ളം
ചെളിതെറിപ്പിക്കും.
ഇഴഞ്ഞുനടക്കുന്ന
ഞാഞ്ഞൂലുകൾക്കുവരെ
അയാൾ അനാവശ്യമാകും.
വഴിയരികിലെ പ്രതിമകളോ
ടെലിവിഷൻസ്ക്രീനുകളോ
വച്ചല്ലാതെ ലോകമളക്കുന്നവരെ,
തുടലഴിഞ്ഞ പ്രേതങ്ങൾ
കാത്തുനിൽപ്പുണ്ട്,
അഗ്നിഹാരങ്ങളും
രക്തഘോഷങ്ങളുമായി.
ഇവിടെയടുത്താണ് സ്വർഗ്ഗം;
മോക്ഷം; രാജപദം,
ആത്മദർശനം; തുരീയാനന്ദം
എന്നിങ്ങനെ
വാഗ്ദാനഘോഷങ്ങളുമായി
ദേവദേവന്മാരുടെ
പിന്നണികൂടി വരും.
അറിയുന്ന ലോകം
അറിയാത്ത ലോകം
എന്നിങ്ങനെ രണ്ടല്ല,
അരുതാത്ത ലോകം
ആവശ്യലോകം
എന്നിങ്ങനെ രണ്ടേയുള്ളൂ,
എന്നറിയുന്നവന് വഴിയില്ല;
മുന്നും പിന്നും നടുമധ്യവുമില്ല,
മേലേരി തീക്കനൽ എന്നിങ്ങനെ
രണ്ടേയുണ്ടായിട്ടുള്ളൂ,
എക്കാലത്തും
അതുകൊണ്ട്,
പൊട്ടൻ തീയിലേ കിടക്കൂ,
അല്ലെങ്കിൽ തണുക്കും,
അയാൾക്ക്.
"നാങ്കളെ കൊത്തിയാലും
നീങ്കളെ കൊത്തിയാലും ചോര"
എന്നുപാടാനുള്ള പാടാണ്
അയാൾക്ക് തീശയനം,
കോമാളിവേഷം, മുഖപ്പാള
എന്നാലും,
അമരത്വം
ലക്ഷ്യമല്ലാത്തതിനെ,
ഭീരുത്വത്തിന്റെ
ഉൽക്കാപാതങ്ങൾ
വീഴ്ത്തുന്നു.
നിഷേധിക്കുന്ന
ശബ്ദത്തിന്റേയും
വാക്കിന്റേയും
നീർച്ചുഴികളിൽ
കുഴിച്ചിടുന്നു;
എന്നെന്നേക്കും.


Related Articles