എല്ലാ നദികളും മധുരമെങ്കിൽ
കടലിന് ഉപ്പുരസം എവിടെന്നു കിട്ടുന്നു?
ഉടയാടകൾ മാറിമാറിയണിയണമെന്ന്
ഋതുക്കൾ എങ്ങനെയറിയുന്നു?
മഞ്ഞുകാലത്തിൽ സാവധാനത്തിലും
മറ്റു ഋതുക്കളിൽ വേഗത്തിലും അണിയുന്നതെന്തേ?
വെളിച്ചത്തിനു നേരെ പടർന്നു കയറണമെന്ന്
വേരുകളെങ്ങനെ അറിയുന്നു?
പിന്നീട് നിറയെ പൂക്കളും നിറവുമായി
കാറ്റിനു സ്വാഗതമോതാൻ അറിയുവതെങ്ങനെ?
ഇതു വീണ്ടും പുനർജ്ജനിക്കുന്ന
ഒരേ വസന്തം തന്നെയോ?
2
അവർ ഹിറ്റ്ലറെ അയാളുടെ
മുൾവേലിക്കുമേൽ ഉറങ്ങാൻ കിടത്തിയോ?
അതോ, നരകത്തിലെ വിളക്കുകൾക്കായി
അവർ അവന്റെ തൊലിയിൽ പച്ചുകുത്തുകയോ?
തീനാളത്തിന്റെ കറുത്ത വേട്ടനായ്ക്കൾ
അവനെ നിർദ്ദയം കടിച്ചുകീറുകയാണോ?
രാവും പകലും അവൻ അവിശ്രമം
അവന്റെ തടവുകാരൊപ്പം പലായനം ചെയ്യുകയോ?
വിഷപ്പുകയിൽ എന്നേയ്ക്കുമായി
മരിക്കാൻ വിടാതെ
ചിത്രവധത്തിനിരയാക്കുകയാണോ?
3
