പൂച്ചയും ഇരുട്ടും
കണ്ണുകെട്ടിക്കളി
തുടരുകയായിരുന്നു
അപ്പോഴും-
കറുത്ത പൂച്ചകളെ
ഇരുട്ടിൽ തപ്പുകയായിരുന്നു
അവർ.
നേരം പുലരാൻ
വൈകുന്നതെന്തെന്ന
ഉൽക്കണ്ഠയോടെ
വേവലാതികളോടെ.
ഇരുട്ടിലേക്ക്
കറുത്തപൂച്ചകൾ
ഇറങ്ങിപ്പോയെന്ന് കേട്ട്
വെളിച്ചമില്ലാതെ
ഇറങ്ങിത്തിരിച്ചവർ
തെരുവിൽ ഒത്തുകൂടി
അപ്പോഴും
കലഹിക്കുന്നുണ്ടായിരുന്നു.
അരിവാൾപോലെ
വളഞ്ഞ നഖമുനകളും
ചുവന്നകണ്ണുകളുമുള്ള
കറുത്തനിഴലുകൾ
നഗരചത്വരവും കടന്ന്
ഗ്രാമാന്തരങ്ങളിലേക്ക്
കടന്നുപോയെന്ന്
ആരൊക്കെയോ
വിളിച്ചുപറയുന്നുണ്ടായിരുന്നു.
