മണൽപുഴ

Poem

മണൽപുഴ



പുഴയിൽ വേനൽ വന്ന്
വിരിക്കും മണൽ, അതിൽ
പക്ഷികൾ മരക്കുറ്റി,
ഒഴുക്കിൽ നിന്നും കര
പറ്റിയ സാരിത്തുണ്ട്

വഴുക്കി മണൽത്തുമ്പ-
ത്തൊട്ടിയ കരിയില,
പഴുക്കപ്പാള, തല-
യില്ലാത്ത പഴന്തൊപ്പി

ഒക്കെയും മണലിന്റെ
മഞ്ഞപ്പിലിരിക്കുന്നു
അപ്പുറം ഓർമ്മപ്പുഴ
വാടിയ കണ്ണീർചേല

സത്യത്തിൽ മണലെന്നാ-
ലിടയ്ക്ക് മാനം കാണാ
നെത്തുന്ന പുഴയുടെ
പഞ്ചാരമനസ്സാണോ

എന്നു ഞാൻ പണ്ടൊക്കെയും
തെറ്റിയ വഴി പോയി
ഇപ്പൊഴാണറിയുന്ന
തസ്ഥികൾ ഒഴുക്കിയ
പകലിൻ കുരിപ്പുക-
ളിക്കാണും മണലെന്ന്

ഇതിലേ പൊള്ളിച്ചീർത്ത
കാലുകൾ നടന്നുപോയ്
ഇരുട്ടിൽ വാക്കിൻ കൂട്
തേടിയ ഏകാന്തത

ആരുമേ കൂട്ടില്ലാത്ത
മനുഷ്യർ തല ചായ്ച്ച്
മരണം പ്രതീക്ഷിച്ച
പലകപ്പുറം പോലെ

മണൽ കാളും കാലം
പുഴയിൽ കുളിക്കുന്നു
കരങ്ങൾ പൊക്കും മണൽ-
ക്കയത്തിൽ നിന്നും പുഴ

വിശ്രമിക്കുന്നു തോണി
മണലിൽ, പഴമക്കാർ
ഇപ്പോഴുമിരിപ്പുണ്ട്
അതിന്റെ പടിത്തട്ടിൽ.

This poem captures the striking image of a sand-formed body lying on a sun-baked riverbed in summer. The stillness of the figure, sculpted by nature, becomes a trigger for the speaker’s own memories — moments spent by the same river. Through this image, the poem weaves nostalgia and reflection, showing how a simple scene in nature can awaken deeply personal recollections and emotions.


Related Articles