എന്റെ പോക്കറ്റിൽ ഒരു പുതിയ കവിതയുണ്ട്
പിഞ്ചിത്തുടങ്ങിയ പഴന്തുണിയുടെ പൂപ്പലിൽ
നെഞ്ചിടിപ്പിന്റെ പങ്കു പറ്റി.
എപ്പോൾ വേണേലും പൊട്ടിത്തെറിച്ചേക്കാം
നിങ്ങൾ ഒന്നുരസിക്കടന്നുപോയാൽ മതി,
ഒരു തീക്കൊള്ളിപ്പോറൽ മതി
ഒരു ഉള്ളാന്തൽ മതി
ഒരു തീപ്പെട്ടിച്ചിരി മതി
ഒരു പൊന്നീച്ചച്ചിറകിൻ തീപ്പാറൽ മതി
ഉച്ചബസ്സിന്റെ ഡീസൽപഴുത്ത ആവി മതി
അല്ലെങ്കിൽ,ചെറുതായി ഒന്ന്
അവഗണിക്കപ്പെട്ടാൽ മതി,
അതിന്റെ നിശ്ശബ്ദത അവസാനിക്കാൻ.
കണ്ടപ്പോൾ ഒന്ന് അറിയിച്ചെന്നേയുള്ളു
കവിത പൊട്ടിത്തെറിച്ച് പരിക്കേറ്റെന്ന്
ഇനി വെറുതെ പരാതി പറയരുത്.
എന്റെ കയ്യിൽ ഒരു പുതിയ വാക്കുണ്ട്
ഇന്നത്തെ സൂര്യൻ നീട്ടിയ വെയിൽക്കടലാസ്സിൽ
ആരും കാണാതെ കുറിച്ചുവെച്ചത്.
ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാം.
ആൾക്കൂട്ടം ഓടിച്ചുവിട്ട ഒരു കവിയുടെ
പീറമൗനംകൊണ്ട് പരിക്കേറ്റെന്ന്
നാണംകെട്ട് പറഞ്ഞേക്കരുത്.
പൊട്ടാസ് തോക്കുകൊണ്ട്
നാടിനെ വിറപ്പിച്ച ആ പഴയ പയ്യനല്ല
ഈ പറയുന്നത്.
എല്ലാവരും കരുതിയിരിക്കുക,
കവിതച്ചീളേറ്റ് കണ്ണ് തുളഞ്ഞിട്ട്
എന്നെ കുറ്റപ്പെടുത്തരുത്.
എന്നെത്തന്നെ പേടിച്ചാണ്
എന്റെ അരികു പറ്റി
ഞാൻ പതുങ്ങി നടക്കുന്നത്.
പനിയുടെ താഴ്‌വാരം പോലുള്ള
ഈ നെഞ്ചിൻചെരിവിൽ
അത് പറ്റിച്ചേർന്നിരുന്ന് വീർപ്പുമുട്ടുന്നു.
ഇപ്പൊ പൊട്ടും
ഇപ്പൊ പൊട്ടും
ഇപ്പൊ പൊട്ടും
എന്ന് രഹസ്യമായ് മിടിക്കുന്നു.
അതിന്റെ പാകപ്പെടലിൽ
വെടിമരുന്നിന്റെ മണമുള്ള ഓർമ്മകൾ
പുകഞ്ഞ് വിങ്ങുന്നു
തീയിലയിൽ പൊതിഞ്ഞ മനസ്സ് പോലെ
ലോകത്തിന്റെ അനാഥത്വം
വെന്തുപോയ ഉമിനീരിറക്കുന്നു.
എന്റെ കയ്യിൽ മുറുക്കെപ്പിടിച്ചിരിക്കുകയാണ്
കുഴിപ്പന്തുപോലുള്ള ഈ ഭൂഗോളത്തെ
അത് എപ്പോൾ വേണേലുംപൊട്ടിത്തെറിച്ചേക്കാം.
ഓർമ്മകൾ പൊട്ടിത്തെറിച്ച് പരിക്കേറ്റെന്ന്
ഇനി പരാതി പറഞ്ഞേക്കരുത്.
In this evocative and unflinching piece, poet Bijoy Chandran weaves a poem out of powerful memories and searing emotion. Each word carries the weight of lived experience - a force capable of eruption. Chandran boldly claims that this is no ordinary composition; it is volatile, armed with truth, and dangerous in its honesty. The poem threatens to explode, to wound, to awaken. It stands as a haunting reminder that language, when born from pain and memory, can cut deeper than silence ever could.
