ഭയം

Poem

ഭയം



ഴുതാനിരുന്നപ്പോൾ
മുറ്റത്തൊരു ബഹളം.

എന്തിനാണ് ഇത്തരം എഴുത്തുകൾ?

ചോദ്യം ആരോടാണ്?
അവർ പരസ്പരം ബഹളം വെച്ചു.

ടീവി തുറക്കാൻ വയ്യ.
ചാനലുകളിൽ തീ
ജാഥയിലും അതുതന്നെ
ഭയമാകുന്നു.

വീട്ടിൽ കയറി.
അവർ മുറ്റത്തു തന്നെ.
ഇപ്പോൾ എന്തായിരിക്കും
അവരുടെ ശബ്ദം?
വന്ന കാര്യം പറഞ്ഞില്ല.
ചിലപ്പോൾ പിരിവുകാരായിരിക്കും.

അല്ല, അവരുടെ കൈയിൽ
പലതരം വിരലുകളുണ്ട്.
ചോരയിറ്റുന്ന കൈപ്പത്തികളും.

എഴുത്ത് മാറിപ്പോയോ?
പുതിയ രചനയിൽ
പകയും പനിയും.

പണ്ടൊക്കെ വിശപ്പായിരുന്നു.
അതുതന്നെയായിരുന്നു എഴുത്തും.
എല്ലാം മാറിപ്പോയി,
പ്രണയവും വിരഹവും.
ഇടയിൽ പുതിയത് കയറിവന്നു.
വീട് കുലുങ്ങുന്നു.
അത്, പല മുറികളിൽ
ഒളിച്ചിരിക്കുന്നു.

എന്നെ കണ്ടില്ല.
അത്തരം ഒരു രചന എഴുതിയാലോ?
ആരായിരിക്കും ആദ്യം കത്തിക്കുക?
തെരുവിലെ ആൾക്കൂട്ടമോ
അതോ, ഒറ്റപ്പെട്ട മനുഷ്യരോ?

ആരുമായിരിക്കില്ല,
ഒളിച്ചിരിക്കുന്ന
ഞാൻതന്നെയായിരിക്കും.

A tense, introspective reflection on writing amid chaos and intrusion, where the poet navigates fear, memory, and isolation while questioning the fate of their words in a noisy, unpredictable world.


Related Articles