ആയുസ്സിന്റെ പുസ്തകം

Poem

ആയുസ്സിന്റെ പുസ്തകം



ഒരാളുടെ ആയുസ്സെത്രയാണ്?
അറുപത്?
എൺപത്?
നൂറ്?
നൂറ്റിരുപത്?
ചുമ്മാ തർക്കിക്കല്ലേ...
ആറു മാസമോ
ഒരു കൊല്ലമോ
ചിലപ്പോൾ
രണ്ടാഴ്ച മാത്രമോ
എന്നു പറയാൻ
ദയവായെന്നെ അനുവദിക്കൂ...

ഒരാളൊരു
പ്രണയത്തിൽ പെടുന്നു
വൈകാതെയത് പൊളിയുന്നു
പിന്നീടയാൾ വിവാഹിതനായി
ചിരഞ്ജീവിയായ് ഭവിച്ചാലും
ആ പഴയ പ്രേമത്തിന്റെ
ചെലവിലാണാ ദാമ്പത്യം:

ആദ്യത്തെ ഉമ്മ
ആദ്യത്തെ ആശ്ലേഷം
അയാൾ/അവൾ
എങ്ങനെ മറക്കാൻ!
ആ ഇത്തിരി മധുരം
നുണഞ്ഞാണവർ
ജൂബിലികൾ പിന്നിടുന്ന
കഷായം കുടിച്ചുവറ്റിക്കുന്നത്

രാഷ്ട്രീയവും അങ്ങനെത്തന്നെ
പതിനെട്ടാം വയസ്സിലൊരാൾ
നക്‌സലൈറ്റാവുന്നു
എന്തോ കാരണത്താൽ
(ഭീരുത്വംകൊണ്ടുപോലുമാവാം)
പിന്നീടയാൾ കോൺഗ്രസ്സിലോ
സി പി എമ്മിലോ ആർ എസ് എസ്സിലോ
നേതാവോ അനുയായിയോ ആവുന്നു
എങ്കിലും വിളക്കൂതിക്കെടുത്തിയുള്ള
ആ പഴയ ചർച്ചാക്ലാസ് എങ്ങനെ മറക്കാൻ!

ഒളിവിലെ സഖാവിനെ
അമ്മപോലുമറിയാതെ
സ്വന്തം കിടപ്പുമുറിയിൽ
ഒളിച്ചുകയറ്റി അതിരാവിലത്തെ
വണ്ടിയിൽ കയറ്റിവിട്ടത്
അയാളെങ്ങനെ മറക്കാൻ!

എക്‌സ്‌ലൈറ്റായിട്ടും പഴയ
നക്‌സലൈറ്റിന്റെ ഓർമ്മകൾ
അയാൾക്കുപേക്ഷിക്കാനാവുന്നില്ല
ആറുമാസത്തെ വിപ്ലവകാലം
മതിയയാൾക്ക് ഗതകാലരാഷ്ട്രീയം
മൂക്കുപൊത്തി മോന്താൻ...

പറയൂ
എത്രയാണൊരാളുടെ
ആയുസ്സ്?
എഴുപതു കൊല്ലമോ
ആറ് മാസമോ?
(എന്നിട്ടും ഓപ്പറേഷൻ തണ്ടർബോൾട്ടിന്റെ കാലത്ത് എഴുതിപ്പോവുന്നു)
മാവോയിസ്റ്റാണോ?
നക്‌സലൈറ്റായിരുന്നു
അരുന്ധതീനക്ഷത്രമുദിക്കും മുമ്പ്...
ഇപ്പോൾ
നക്‌സലൈറ്റോ
മാവോയിസ്റ്റോ?
സോറി,
ഞാൻ അയവെട്ടുന്ന
ജന്തു അല്ല
ഒരാൾ ഒരിക്കൽ ജീവിച്ച
ജീവിതം വീണ്ടും
ജീവിക്കേണ്ടതും ഇല്ല
ലാൽസലാം!

Civic Chandran’s poem reflects on the fleeting yet indelible moments of life, love, and political awakening, exploring how past passions and memories persist despite the passage of time.


Related Articles