ദുരൂഹകഥാപാത്രം മെല്ലെ
നിഴലിലേക്ക് പിൻവലിയുന്നത്
ഞാൻ കണ്ടു.
ആലപ്പുഴപ്പട്ടണത്തിന്റെ
പഴമകളിലേക്ക്
അത് വീണ്ടും
തിരിച്ചുവന്നിരിക്കുന്നു.
കടലിന്റെ അടുത്തേക്ക് അത്
ചാടാനെന്നപോലെ
ഓടുന്നതാണാദ്യം കണ്ടത്.
അസ്തമയം ആരംഭിച്ചതോടെ
അതിനെ നിഴലുകളുടെ രാജ്യം,
ചക്രവർത്തിയായി
വാഴിച്ചുകാണണം.
കൊടുംരാത്രിയിൽ എന്റെ
കത്താത്ത സിഗററ്റിലേക്ക്
അത് തീ നീട്ടി.
ആലപ്പുഴയും ഞാനും അതും
നിന്ന് കത്തുകയാണ്.
കടലിലും തീയുടെ നിറം
പടർന്നിരിക്കുന്നു.
ഈ നിമിഷത്തിനുവേണ്ടിയാകണം
ദുരൂഹകഥാപാത്രം
എന്റെ ശ്രദ്ധയിലേക്കുവന്നത്.
ബാല്യം മുതലേ
ഹൃദയത്തിലിരുന്ന്
വിങ്ങിയ ഒരു കനൽ.
കടലിൽ ഒരു
കപ്പലെന്നപോലെ
അത് ഹൃദയമദ്ധ്യത്തിൽത്തന്നെ.
പകലിന്റെ വെട്ടവും
തുഴഞ്ഞുവന്നത്
കടലിൽ നിന്നാണ്.
ആലപ്പുഴയും ഞാനും
ദുരൂഹകഥാപാത്രവും
ഇപ്പോൾ കടലിന്റെ
നിഴലുകളായി കളിക്കുന്നു.
"Alappuzhayum Njanum Duroohakadhapathravum" is a Malayalam poem written by Sreekumar Kariyadu.
