എന്റെ കൂടെ
വെറുതെയിരിക്കുന്ന ഈ മുറി
എനിക്ക് ശേഷം
മറ്റാരെങ്കിലും വാടകക്കെടുക്കും.
ഇണങ്ങാത്ത കിനാവുകൾ
അഴിച്ചുപണിയാൻ
പാകത്തിൽ
ഒരു മുറിവേണ്ടിവന്നപ്പോൾ
വാങ്ങിച്ചതാണ്.
ഇനി വരുന്നവന്റെ
മുറിവുകൾക്ക് പാകമാകുവോ ആവോ?
ചുവരിൽ
ഒരു പ്രേമത്തെയും വരയ്ക്കാത്ത,
ഒരു ദൈവത്തെയും തറക്കാത്ത,
ഒരു കവിത പോലും കുറിക്കാത്ത,
ഒരു കലണ്ടർ പോലും പതിക്കാത്ത
കഴിഞ്ഞ വാടകക്കാരന്റെ
സ്നേഹശൂന്യതയെ
വായിച്ചെടുത്തുകൊണ്ട്
അയാളുറങ്ങും.
തിരഞ്ഞുചെന്നാൽ മാത്രം കാണുന്ന
ചുവന്ന ജീവ രേഖകളോ
ഉപ്പുപാടകളോ
കണ്ടെടുക്കപ്പെട്ടേക്കില്ല.
കൂടെ വളർന്നുപോയ
രണ്ടുമുലകൾക്കോ,
അതോ, അവക്കൊപ്പമെത്താനാവാത്ത
ഉടലിനോ
ഏറ്റവും ഭാരമെന്ന് ചോദിച്ച
ഈ ചവിട്ടുപടികൾ
ഞാനിറങ്ങുന്നു.
ഇനി
മറ്റാരുടെയെങ്കിലും പറ്റത്തിൽ
എന്നെയെടുക്കുമോ?
