അപ്പൻ്റെ വലതുകൈയിൽ ആറു വിരലുകളായിരുന്നു.
ആറാമത്തേത് അഞ്ചാമത്തേതിനോടൊട്ടി നിന്നിരുന്നു.
അപ്പൻ ഇടതുകൈകൊണ്ടായിരുന്നു അഞ്ച് എന്ന് കാട്ടിയിരുന്നത്.
പ്രാർത്ഥിക്കുമ്പോൾ കൂപ്പുകൈയുടെ പുറത്തേക്ക്
ആറാം വിരൽ നിന്നു വിറയ്ക്കുന്നതു കാണാം.
പത്രം വായിക്കുമ്പോൾ, സൈക്കിൾ തുടയ്ക്കുമ്പോൾ,
ആറാമത്തെ വിരൽ പ്രത്യേകിച്ച് പണികളൊന്നുമില്ലാതെ
വെറുതെ കൈപ്പടത്തിൽ ഒട്ടിച്ചപോലെ നിലകൊള്ളും.
ആറാമത്തെ വിരലുണ്ടായിട്ടും അപ്പനെ ആരും ഇരട്ടപ്പേര് വിളിച്ചിട്ടില്ല.
മറ്റുള്ളവരുടെ രഹസ്യ ഭാഷണങ്ങളിൽ ഉണ്ടാവുമോ, ആവോ?
ആറുവിരലുള്ള അപ്പന് ഒരു ഇരട്ടപ്പേരിടണമെന്ന്
ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്.
പല പേരുകൾ മനസ്സിൽ പൊന്തിവന്നിട്ടും
ആറാംവിരലിനെ ഒന്നു തൊടാനാവാത്തതിനാൽ
ഒടുവിൽ ആ ഉദ്യമം പാടെ ഉപേക്ഷിച്ചു.
പരീക്ഷകൾക്ക് പുറപ്പെടുമ്പോഴും
ജോലി കിട്ടിയ കാര്യം പറഞ്ഞപ്പോഴും
വിവാഹ ദിവസവും
അപ്പൻ ആറു വിരലുള്ള കൈ നിറുകയിൽ വെച്ചനുഗ്രഹിച്ചു.
മരിച്ച ദിവസം
കുളിപ്പിക്കാനെടുക്കുംവരെ
ആറാം വിരൽ കണ്ടവരുണ്ട്.
പിന്നീടെപ്പോഴാണ് അത് നഷ്ടമായത്?
അപ്പൻ കിടന്ന മുറിയിൽ, കട്ടിലിൽ,
കുളിമുറിയിൽ,
എവിടെയും ആറാംവിരൽ കണ്ടെത്താനായില്ല.
അതിപ്പോൾ സ്വർഗ്ഗത്തിലോ, നരകത്തിലോ?
Summary: Aaramathe Viral, poem by Idakkulangara Gopan
