കാലം ചിലപ്പോൾ
കുറേ നാൾ
അവളെ അവനിൽനിന്ന്
ഒളിപ്പിച്ചുവെക്കാം
അവളവനു തൊട്ടടുത്തുകൂടെ
കടന്നു പോയിരിക്കാം
അവളുടെ ഗന്ധം
അവനെ ഒരുവേള മോഹിപ്പിച്ചിരിക്കാം
അവളുടെ വസ്ത്രാഞ്ചലം
അവനെ പതിയെ തൊട്ടിരിക്കാം
ഒരു പക്ഷേ
അറിയാതെയെങ്കിലും ഒന്നു
പുഞ്ചിരിച്ചിരിക്കാം
ഒന്നോ രണ്ടോ വാക്കുകൾ
മിണ്ടിയിരിക്കാം
പക്ഷേ അവന്റെ ഓർമ്മയുടെ
പുസ്തകത്തിൽ
അവൾ ഒരക്ഷരം പോലും എഴുതിയിരിക്കയില്ല.
പിന്നീട്
നിനച്ചിരിക്കാതെ
അവനവളെ വീണ്ടും കണ്ടുമുട്ടാം
കഴിഞ്ഞു പോയതും നടന്നു കഴിഞ്ഞതും ഓർമ്മയുണ്ടോ
എന്ന് അവൾ മൃദുവായി കുശലം ചോദിച്ചേക്കാം
അവൾ ഒന്നും
മറന്നിട്ടുണ്ടാവണമെന്നില്ല
പൊടുന്നനേ
ഒരുഷ്ണ ജലപ്രവാഹം പോലുള്ള
ഒരു നഷ്ടബോധത്തിൽ
അവൻ നീറിപ്പുകയും.
എന്തേ അന്നു അകക്കണ്ണും
അകക്കാതും തുറക്കാഞ്ഞത്
എന്നു സങ്കടപ്പെടും
ഉറക്കം നഷ്ടപ്പെടുന്ന രാവുകളിൽ
താനൊരു അന്വേഷിയായി മാറിയത്
അവളിലേക്കുള്ള വഴികളിലായിരുന്നു
എന്നു വ്യർത്ഥ മോഹങ്ങളിലുഴയും
