എല്ലാ രമണൻമാരും ഒരുപോലെയാണ്.
ദുർബലമായ വികാരവായ്പിൽ,
പ്രതിസന്ധികൾ അതിജീവിക്കാനാവാതെ,
കയർക്കുരുക്കിൽ ജീവിതം അവസാനിപ്പിക്കും.
ഇന്നലെകളിൽ മേയ്ച്ചും, മേഞ്ഞും,
സമയരഥമോടിച്ചത് മറന്നുകളയും.
എത്ര മദനൻമാർ പിന്തിരിപ്പിച്ചാലും,
മരപ്പലകയിൽ ചാവുകടൽ കടക്കാൻ ശ്രമിക്കും.
ഒരു രാത്രിയും ഉറങ്ങാതെ, ശബ്ദമില്ലാതെ,
പുല്ലാങ്കുഴൽ വായിച്ചു രസിക്കും.
സങ്കൽപ്പലോകത്തിൽ ചന്ദ്രികയിൽ അലിയും.
കുത്തുവാക്കുകളാൽ പരിഹസിക്കപ്പെടുമ്പൊഴും,
കൈവെള്ളയിലെ വെള്ളി നാണയം പോലെ,
ഒറ്റയ്ക്കു നിന്നു തിളങ്ങിത്തെളിയും.
മരച്ചോട്ടിലും, പൂമരക്കാട്ടിലും ഓടിനടന്ന്,
പ്രണയപരവശനാകും.
