ചപ്പൽ

Poem

ചപ്പൽ



പ്രിയ സുഹൃത്തിന്റെ
മരിപ്പിനു പോയി.
മടങ്ങുവാൻ വാച്ചു-
മിടിച്ചുണർത്തുമ്പോൾ
ഇടനെഞ്ചിലേറെ-
പ്പഴഞ്ചനാമൊരു
പിടച്ചിൽ... (തെല്ലുമ
തിണങ്ങിടാത്തപോ
ലുടലു,മുള്ളവും.)
അതിന്റെതോന്നലാ-

ചിതയിലും ശിഷ്ട-
സ്മരണകൾ വഴി
യരികിലെ മുഖാ-
മുഖങ്ങളിൽത്തഞ്ചും
മുനിവിലും മെല്ലെ-
വെടിഞ്ഞുടൻ പുതു
വഴക്കമോടെ ഞാൻ
തിരിച്ചുപോരുന്നു...

നടപ്പിലും തന-
തെടുപ്പിലും ഭാവ
ഗരിമചോരാതെ
ധിറുതിയോടെയാ
ദിനവുമുന്തുന്നു...

പതിവുപോൽ വൈകി
ഭവനമെത്തുന്നു...
പഴേപടി രാവു
പൊലിയുന്നു...,പകൽ
വെറളിയോടെ വ-
ന്നുണർത്തുന്നു...,ക്ലോക്കു-
മിടിക്കും വേഗത്തി
ലണിഞ്ഞൊരുങ്ങുന്നു.

പുറത്തിറങ്ങുവാൻ
ചെരുപ്പു തേടുമ്പോ-
ളിറേത്തതാ രണ്ടു
പഴഞ്ചൻ പാദുകം...!

പരിചിതമല്ലാപ്പഴമ,യൊട്ടുമേ-
യിണങ്ങിടാത്തതാണുടലു,
മുള്ളവും...

പെരുത്തൊരെൻ പാദ-
ത്തിണർപ്പിലപ്പടി
തിരുകിയേറ്റിലു-
മെറിച്ചു നില്പത്.
അണിയുവാനോർത്താൽ
മനംമറിപ്പത്...

വിലപിടിച്ചൊരെൻ
പുതിയ പാദുകം
കവർന്നെടു,ത്തറും-
പഴഞ്ചൻ ചപ്പലി-
ങ്ങഴിച്ചുവച്ചതാർ...!?

പെരിയ ശങ്കയാൽ
മടിച്ചു നിൽക്കുമ്പോൾ

മരണവീട്ടീന്നെൻ
ചെരുപ്പുമായതാ
മരിച്ച ചങ്ങാതീ-
ടകന്ന ബന്ധുവ-
ന്നരികിൽ നിൽക്കുന്നു.
മെലിഞ്ഞ കാലിലെ-
യപാകതയുരി-
ഞ്ഞവിടെ വയ്ക്കുന്നു.
പഴഞ്ചൻ പാദുക-
മണിഞ്ഞു വേഗത്തിൽ-
മടങ്ങിപ്പോകുന്നു.

തലേന്നതേചെരു-
പ്പണിഞ്ഞു പാകത്തിൽ
നടന്ന ഞാനെന്നിൽ
തിരുകിയേറുന്നു.

Poem explores the struggles of trying to fit into unwanted and uncomfortable situations, using the metaphor of ill-fitting footwear. It captures the quiet pain, the forced adjustments, and the hidden scars that come from walking paths not meant for one’s true self.


Related Articles