മലയാളത്തമിഴൻ

Poem

മലയാളത്തമിഴൻ


സുബ്രഹ്‌മണ്യ ഭാരതിയോ
സുപ്രഭാത മാധുരിയോ
മധുരത്തേൻ തുമ്പികളിൽ
കവിതയ്ക്കു തീ കൊളുത്തി

കൊളുത്തില്ലാ ജാലകത്തിൽ
കൊളുന്തിന്റെ മണപ്പച്ച
പച്ചപ്പാടം കാത്തു വച്ച
കാവേരിപ്പൂമ്പട്ടണത്തിൽ

പട്ടണപ്പോർവെയിലല്ലോ
പടിയെല്ലാം കെട്ടിയത്
കെട്ടുപടി കേറിക്കേറി
മധുരയ്ക്കു പോയൊരുത്തൻ

പോയ കോലം കോവലനായ്
ചിലമ്പില്ലാക്കള്ളനുമായ്
മായക്കാലം കണ്ടുനിൽക്കേ തലയില്ലാച്ചെമ്മരമായ്

മരം കണ്ടു പെണ്ണൊരുത്തി
മുലത്തീയിൽ പുരം കത്തി
കത്തി കൊണ്ടു കാവ്യമൊന്നു
വരഞ്ഞിട്ടു മലയാളി

മലയാളത്തമിഴന്റെ
മലയില്ലാത്തിണ കേട്ടു
കേട്ടുകേൾവിക്കപ്പുറത്തെ
വഴിനടത്തപ്പോരാട്ടം

പോരാട്ടപ്പൊരുൾ ചൊല്ലു
പനനൊങ്കേ നല്ല തങ്കേ
തങ്കപ്പെട്ട മണിയമ്മേ
പെരിയോറിൻ കഥ ചൊല്ല്

ചൊല്ലുറങ്ങും കഥ കേൾക്കാൻ
കണ്ണടച്ചു ചെല്ലക്കണ്ണ്
കണ്ണിലൊരു കാവലിന്റെ
കുന്തമുന നീളുന്നുണ്ട്

ഉണ്ടായില്ലാ വെടി കേട്ട
കപ്പലോട്ടക്കാലമാണ്
കാലക്കോട്ടയുലയ്ക്കുന്നു
രാവണന്റെ ദശചിന്ത

ചിന്തച്ചന്ദ്രൻ ദ്രാവിഡന്റെ
ചന്തമുള്ള മുഖം കണ്ടു
കണ്ട മുടി മേഘമായി
രാത്രിക്കാട്ടിലിടിവെട്ടി

വെട്ടിയ വാൾത്തുമ്പിലൊരു
കോസലന്റെ കോപം കണ്ടു
കണ്ട കടൽ ആർത്തലയ്‌ക്കേ
കിഴക്കിന്റെ മിഴി ചോന്നു

ചോന്നമിഴി വെളുത്തപ്പോൾ
മണ്ണടരിൽ കൈകൾ കുത്തി
കുത്തിവച്ച കാർക്കൊടിയിൽ
ഉദയത്തിന്നഴകേറി

ഏറിയൊരു സ്വാഭിമാന
ക്കൊടിക്കമ്പിൻ ചോട്ടിലല്ലോ
ചോടുറച്ച തങ്കപ്പെണ്ണും
ചെല്ലക്കണ്ണും തളിർക്കുന്നു

തളിർക്കുന്നു കൃഷ്ണമരം
മുളയ്ക്കുന്നു വംശച്ചെടി
ചെടിച്ചുണ്ടിൽ ചെണ്ടുമല്ലി
കൊണ്ടിളകീ പുളിമരങ്ങൾ

പുളിമരമേ പുന്നാരീ
ചിണുങ്ങുന്നു ചിങ്ങത്തെങ്ങ്
തെങ്ങോലത്തുമ്പിലുണ്ടൊരു
മലയാളത്തമിഴ് ചിന്ത്.

This poem beautifully captures the rich legacy and cultural heritage of Kerala and Tamil culture, celebrating their traditions, art, history, and timeless values. Blending poetic imagery with cultural pride, it explores the shared roots, unique customs, and enduring spirit of two ancient South Indian civilizations.


Related Articles