ജനരാഷ്ട്രീയം രാഷ്ട്രീയജനം

Pachakuthira

ജനരാഷ്ട്രീയം രാഷ്ട്രീയജനം


വി.എസിന് ആദരാഞ്ജലിയർപ്പിക്കാൻ തിരുവനന്തപുരം മുതൽ ആലപ്പുഴ വലിയചുടുകാട് വരെ തടിച്ചുകൂടിയ ജനാവലി ചരിത്രത്തിലെതന്നെ ഒരദ്ഭുതമായി വിശേഷിപ്പിക്കാം. കേരളത്തിലോ ഇന്ത്യയിലെവിടെയെങ്കിലുമോ ഇങ്ങനെയൊരു കാഴ്ച അത്യപൂർവ്വം. ആബാലവൃദ്ധം അത്യന്തം വൈകാരികതയോടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുകയായിരുന്നു. അകാലമരണമല്ലാതിരുന്നിട്ടും ലക്ഷോപലക്ഷം ജനങ്ങളുടെ ദുഃഖം അണപൊട്ടിയൊഴുകി. ഏതു വിശേഷണപദത്തെയും തോല്പിക്കുന്ന എന്തോ അപാരത ആ വിലാപയാത്രയ്ക്കുണ്ടായിരുന്നു. അറുപത് മണിക്കൂറോളം കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ ഇടതടവില്ലാതെ ആ ആദരാഞ്ജലി ജനങ്ങളിലെത്തിച്ചു. ദശലക്ഷക്കണക്കിനാളുകൾ വീടുകളിലിരുന്നും ഉടനീളം അതിൽ പങ്കാളികളായി.

ഐതിഹാസികമായ ഈ ആദരാഞ്ജലിയെ ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചത് രാഷ്ട്രീയാതീതമെന്നാണ്. വി.എസിനെ അദ്ദേഹം പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തിൽനിന്ന്, രാഷ്ട്രീയപ്പാർട്ടിയിൽനിന്ന് മാറ്റിനിർത്തി അവതരിപ്പിക്കാൻ ചില മാധ്യമങ്ങളും നിരീക്ഷകരെന്നപേരിൽ ചില വ്യക്തികളും ആദ്യഘട്ടത്തിൽ പണിപ്പെടുന്നതും കാണാമായിരുന്നു. വി.എസ്സിനുള്ള ആദരാഞ്ജലി വൈകാരികപ്രവാഹമായിക്കൊണ്ടിരിക്കെ ദുഷ്ടലാക്ക് സ്വാഭാവികമായിത്തന്നെ പരാജയപ്പെട്ടു. തിരുവനന്തപുരത്ത് എ.കെ.ജി.സെന്റർ മുതൽ ആലപ്പുഴ വലിയചുടുകാട് വരെ നടന്ന വിലാപയാത്രയും പൊതുദർശനവുമെല്ലാം തികച്ചും രാഷ്ട്രീയ ഉള്ളടക്കത്തോടെയായതാണ് പിന്നീട് ദുർവ്യാഖ്യാനത്തിനുള്ള സാധ്യത പൂർണമായും അടച്ചത്.

അഞ്ചോ ആറോ വർഷമായി അസുഖം കാരണം പൊതുരംഗത്ത് ഒരുവിധേനയും ഇടപെടാൻ സാധിക്കാതെപോയ നേതാവാണ് വി.എസ്. എന്നാൽ അസുഖം മൂർച്ഛിച്ച് വി.എസ്. 29 ദിവസം ആശുപത്രിയിലായതോടെ പൊതുരംഗത്ത് വി.എസിന് പുനർജന്മമുണ്ടായ പ്രതീതിയാണുണ്ടായത്. മരണം സംഭവിച്ചപ്പോഴാകട്ടെ അതൊരു വമ്പിച്ച രാഷ്ട്രീയസംഭവമായി. ഉജ്ജ്വലമായ സമരസ്മരണകളുടെ ഇരമ്പം- അത് രാഷ്ട്രീയമായ മാന്ദ്യത്തെ കുടഞ്ഞെറിയുന്നതും പുത്തൻ പ്രതീക്ഷകളിലേക്കുണർത്തുന്നതുമാണ്. ആവേശദായകമാണ്. സി.പി.ഐ.എമ്മിനോടും ഇടതുപക്ഷപ്രസ്ഥാനത്തോടും ജനങ്ങൾക്കുള്ള കൂറും സ്‌നേഹവുംകൂടിയാണ് ചരിത്രംസൃഷ്ടിച്ച വിലാപയാത്രയിൽ പ്രകടമായത്. പാർട്ടി സംസ്ഥാനസെക്രട്ടറിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെന്നെല്ലാമുള്ള നിലയിൽ വി.എസ് ജനമനസ്സിൽ ഏറ്റവും പ്രിയങ്കരമായി കുടികൊള്ളുകയായിരുന്നു. ആ പ്രിയത്തിന്റെ വിസ്മയാവഹമായ കുത്തിയൊഴുക്കിനാണ് മൂന്നുനാൾ കേരളം സാക്ഷ്യം വഹിച്ചത്.


Related Articles